LiveTV

Live

Kerala

ജനസാഗരത്തില്‍ മുങ്ങി തെരുവീഥികൾ: മാണിക്ക് വിലാപയാത്ര

ആശുപത്രിയിൽ നിന്ന് കോട്ടയത്തേക്കുള്ള വഴിയിൽ ഓരോ തെരുവിലും ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ കാത്ത് നിന്നത്

ജനസാഗരത്തില്‍ മുങ്ങി തെരുവീഥികൾ: മാണിക്ക് വിലാപയാത്ര

അര നൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിന്‍റെയും കേരള കോൺഗ്രസിന്‍റെയും നെടുംതൂണായി നിന്ന കെ.എം മാണിക്ക് കേരളത്തിന്‍റെ അന്ത്യാഞ്ജലി. വിലാപയാത്രയിലുടനീളം ആയിരങ്ങള്‍ കെ.എം മാണിക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

ആശുപത്രിയിൽ നിന്ന് കോട്ടയത്തേക്കുള്ള വഴിയിൽ ഓരോ തെരുവിലും ആയിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ കാത്ത് നിന്നത്. എറണാകുളം ജില്ലയുടെ അതിർത്തി താണ്ടി കോട്ടയം ജില്ലയിലേക്ക് കടന്നതോടെ ജനസാഗരമായിരുന്നു ഓരോ നാട്ടുവീഥികളും. പൊട്ടിക്കരഞ്ഞും വാഹനത്തിന്‍റെ ചില്ലിലൂടെ മുത്തം കൊടുത്തും പ്രിയപ്പെട്ട മാണിസാറിന്‍റെ അവസാന യാത്രയെ അവർ അഭിവാദ്യം ചെയ്തു.

പ്രത്യേകം തയാറാക്കിയ വാഹനത്തിന് ഓരോ തെരുവീഥികളും താണ്ടാൻ മണിക്കൂറുകൾ വേണ്ടി വന്നു. റോഷി അഗസ്റ്റിനും മോൻസ് ജോസഫുമെല്ലാം വാഹനത്തിനൊപ്പം നടന്ന് പ്രവർത്തകരെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു.

കടുത്തുരുത്തിയിൽ കാത്ത് നിന്ന ആയിരങ്ങൾക്ക് പ്രിയ നേതാവിനെ കാണുന്നതിന് തടസ്സമാകരുതെന്ന് കരുതി മുഖ്യമന്ത്രി ഒറ്റപ്പെട്ട പ്രദേശത്ത് നിന്ന് അന്തോപചാരം അർപ്പിച്ച് മടങ്ങി. അഞ്ച് പതിറ്റാണ്ട് എതിരാളികളില്ലാത്ത നേതാവായി കെ എം മാണി നിലനിന്നതിന്‍റെ തെളിവായി മാറുകയായിരുന്നു തെരുവീഥികൾ.