LiveTV

Live

Kerala

സിറോ മലബാര്‍ ഭൂമിയിടപാട്; ആലഞ്ചേരിക്കെതിരെ കേസെടുത്തു

കര്‍ദ്ദിനാള്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

 സിറോ മലബാര്‍ ഭൂമിയിടപാട്; ആലഞ്ചേരിക്കെതിരെ കേസെടുത്തു

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവർക്കെതിരെ കേസെടുത്തു. കോടതി നിർദേശ പ്രകാരം എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.ആലഞ്ചേരി അടക്കം 26 പേര്‍ക്കെതിരെയാണ് കേസ്.

ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയ്ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരനായ സാജു വര്‍ഗീസ് എന്നിവരടക്കം 26 പേര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി എറണാകുളം സെൻട്രൽ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. വിശദമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആരോപണത്തിൽ മുൻപ് എറണാകുളം സെൻട്രൽ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലെ തുടര്‍നടപടികള്‍ മേൽക്കോടതികളുടെ പരിഗണനയിലാണ്. ഇത് പരിഗണിച്ച്, ഒരേ ആരോപണത്തിൽ രണ്ട് എഫ്.ഐ.ആര്‍ നിലനിൽക്കില്ല എന്ന കാരണത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. ഇതിനിടെ തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയും ആലഞ്ചേരി അടക്കമുള്ളവർക്കെതിരെ നേരത്തെ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

Also read: സഭഭൂമി വില്‍പന കേസില്‍ ആലഞ്ചേരി പ്രതിരോധത്തില്‍?

Also read: രാജ്യത്തെ നിയമങ്ങള്‍ വെച്ച് സഭാനിയമങ്ങള്‍ ചോദ്യം ചെയ്യരുത്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി