LiveTV

Live

Kerala

ഓര്‍ത്തഡോക്സ് - യാക്കോബായ പള്ളിത്തര്‍ക്കം; താക്കീതുമായി സുപ്രീംകോടതി

അന്തിമ വിധി പറഞ്ഞ വിഷയം രാജ്യത്തെ ഒരു കോടതിയും ഇനി പരിഗണിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു

ഓര്‍ത്തഡോക്സ് - യാക്കോബായ പള്ളിത്തര്‍ക്കം;  താക്കീതുമായി സുപ്രീംകോടതി

ഓര്‍ത്തഡോക്സ് - യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ താക്കീതുമായി സുപ്രീംകോടതി. അന്തിമ വിധി പറഞ്ഞ വിഷയം രാജ്യത്തെ ഒരു കോടതിയും ഇനി പരിഗണിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ ഹര്‍ജികള്‍ ആവര്‍ത്തിച്ച് വരുന്നത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

1934ലെ മലങ്കര സഭ ഭരണഘടന പ്രകാരമാണ് പള്ളികളുടെ ഭരണം നടത്തേണ്ടതെന്ന് 2017 ജൂലൈ 3ന് സുപ്രീംകോടതി അന്തിമ വിധി പറഞ്ഞിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്‍റെത് തന്നെയായിരുന്നു വിധി. എന്നാല്‍ ഇതിന് ശേഷവും തുടര്‍ച്ചയായി സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കീഴ് കോടതികളിലുമായി പള്ളി തര്‍ക്കങ്ങളില്‍ ഹര്‍ജികള്‍ വന്നു. ഏറ്റവും ഒടുവില്‍ കന്യാട്ടു നിരപ്പ് പള്ളി തർക്ക കേസിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തിയത്.

ഈ കേസിലെ ഉത്തരവിലാണ് കോടതിയുടെ വിമര്‍ശനവും നിര്‍ദ്ദേശവും. ഒരിക്കല്‍ തീര്‍പ്പാക്കിയ വിഷയം രാജ്യത്തെ ഒരു കോടതിയും ഇനി പരിഗണിക്കരുത്. ഒരു കാര്യം വീണ്ടും വീണ്ടും കോടതിക്ക് പരിഗണിക്കാനാകില്ല. 2017 ലെ വിധി എല്ലാവര്‍ക്കും ബാധകം ആണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കന്യാട്ടു നിരപ്പ് പള്ളി തർക്ക കേസിൽ യാക്കോബായ സഭയാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഈ ഹര്‍ജി കോടതി തള്ളി.