LiveTV

Live

Kerala

കെ.എം മാണിക്ക് വിട; ഭൗതിക ശരീരം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോയി

ആശുപത്രിയിൽ രാവിലെ പൊതുദർശനത്തിന് വെച്ച ശേഷമാണ് ഭൗതിക ശരീരം വിലാപയാത്രയായി കൊണ്ടു പോയത്.

കെ.എം മാണിക്ക് വിട; ഭൗതിക ശരീരം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോയി

കെ.എം മാണിയുടെ ഭൗതിക ശരീരം വിലാപയാത്രയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ രാവിലെ പൊതുദർശനത്തിന് വെച്ച ശേഷമാണ് ഭൗതിക ശരീരം വിലാപയാത്രയായി കൊണ്ടു പോയത്. നൂറ് കണക്കിനാളുകളാണ് രാവിലെ കൊച്ചിയിലെ ആശുപത്രിയിൽ പ്രിയനേതാവിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

രാവിലെ മുതൽ വികാരഭരിതമായിരുന്നു കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രി പരിസരം. നേതാക്കൾ എത്തുന്നതിന് ഏറെ മുൻപ് തന്നെ പാലായിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ പ്രിയനേതാവിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ഒൻപത് മണിയോടെ കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മ, മകൻ ജോസ് കെ.മാണി എന്നിവർ ആശുപത്രിയിലെത്തി. തുടർന്നാണ് മാണിയുടെ മൃതദേഹം ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ കെ.ബാബു, അനൂപ് ജേക്കബ് , മുസ്ലിം ലീഗ് നേതാക്കളായ പി.വി അബ്ദുൾ വഹാബ് എം പി , സാദിഖലി ശിഹാബ് തങ്ങൾ ,മുൻ എം.എല്‍.എമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ മാണിക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. അര മണിക്കൂറോളം മൃതശരീരം പൊതുദർശനത്തിന് വെച്ചു. മുദ്രാവാക്യം വിളിച്ച് അഭിവാദ്യമർപ്പിച്ചാണ് പ്രവർത്തകർ കൊച്ചിയിൽ നിന്ന് കോട്ടയത്തേക്ക് മാണിയെ യാത്രയാക്കിയത്. പ്രത്യേകം തയ്യാറാക്കിയ കെ.എസ്.ആർ.ടി.സി ബസിലാണ് ആശുപത്രിയിൽ നിന്ന് വിലാപ യാത്രയായി മൃതദേഹം കോട്ടയത്തേക്ക് കൊണ്ടു പോയത്.