LiveTV

Live

Kerala

എംപാനല്‍ ഡ്രൈവര്‍മാരുടെ പിരിച്ചുവിടല്‍; കെ.എസ്.ആർ.ടി.സി സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കും

ഈ മാസം 30നകം കെ.എസ്.ആർ.ടി.സിയിൽ നിന്ന് 1565 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്

 എംപാനല്‍ ഡ്രൈവര്‍മാരുടെ പിരിച്ചുവിടല്‍; കെ.എസ്.ആർ.ടി.സി സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കും

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി വിധി പെട്ടെന്ന് നടപ്പിലാക്കിയാൽ ദിവസേന 600 സർവീസുകൾ മുടങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. എ.ജിയിൽ നിന്ന് നിയമോപദേശം തേടി തുടർ നടപടികൾ സ്വീകരിക്കാൻ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം കെ.എസ്.ആർ.ടി.സി എം.ഡിയെ ചുമതലപ്പെടുത്തി.

ഈ മാസം 30നകം കെ.എസ്.ആർ.ടി.സിയിൽ നിന്ന്1565 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രി ഉന്നതതല യോഗം വിളിച്ചത്. കെ.എസ്.ആർ.ടി.സി എം.ഡി എം.പി ദിനേശ്, ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, നിയമ സെക്രട്ടറി ഹരീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. വിധി പെട്ടെന്ന് നടപ്പിലാക്കിയാൽ 600 സർവീസുകൾ ദിവസേന മുടങ്ങും. സാമ്പത്തിക പ്രതിസന്ധിയിലായ കോർപ്പറേഷന്റെ വരുമാനത്തെ ഇത് വലിയ രീതിയിൽ ബാധിക്കും. അതിനാൽ എത്രയും പെട്ടെന്ന് തന്നെ അപ്പീൽ നൽകാനാണ് കോർപ്പറേഷൻ ആലോചിക്കുന്നത്.