LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം 

എന്തടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചതെന്ന് കോടതി ചോദിച്ചു

 നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം 

നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. പ്രതികൾക്കെതിരെ കുറ്റം ചുമത്തില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാര്‍ നിലപാട് കേസിന്‍റെ വിചാരണ വൈകിപ്പിക്കില്ലേയെന്നും കോടതി ആരാഞ്ഞു.

കേസിലെ ആറാം പ്രതി പ്രദീപ് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമർശം. നടിയെ ആക്രമിച്ച് പകര്‍ത്തിയെന്ന് പറയപ്പെടുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹരജിയില്‍ തീര്‍പ്പാക്കുംവരെ പ്രതികള്‍ക്കെതിരെ വിചാരണ കോടതി കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാരല്ല കോടതിയാണ് കുറ്റം ചുമത്തണോമോയെന്ന് തീരുമാനിക്കേണ്ടതെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. കുറ്റം ചുമത്താനുള്ള അധികാരം കോടതിക്കാണ്. കോസിലെ വിചാരണ വൈകിപ്പിക്കാനേ സര്‍ക്കാര്‍ നിലപാട് കാരണമാകൂ എന്നും കോടതി വിമര്‍ശിച്ചു.

ആറാം പ്രതിയായ പ്രദീപിന് പ്രധാന സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയശേഷം വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതി കേസ് ഇന്ന് പരിഗണിച്ചിരുന്നെങ്കിലും സുപ്രിം കോടതിയിലെ നിലപാട് പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് അടുത്ത മാസം നാലിലേക്ക് മാറ്റി.