LiveTV

Live

Kerala

ഒരിക്കലും തോല്‍പ്പിച്ചില്ല, പാലാക്കാര്‍ അവരുടെ മാണിക്യത്തെ 

ആരൊക്കെ തള്ളിപ്പറഞ്ഞപ്പോഴും രാഷ്ട്രീയ തിരിച്ചടികള്‍ നേരിട്ടപ്പോഴും പാലാക്കാര്‍ മാണിയെ ചേര്‍ത്തു പിടിച്ചു.

ഒരിക്കലും തോല്‍പ്പിച്ചില്ല, പാലാക്കാര്‍ അവരുടെ മാണിക്യത്തെ 

പാലായുടെ മാണിക്യം- മാണി അറിയപ്പെട്ടത് അങ്ങനെയാണ്. ആരൊക്കെ തള്ളിപ്പറഞ്ഞപ്പോഴും രാഷ്ട്രീയ തിരിച്ചടികള്‍ നേരിട്ടപ്പോഴും പാലാക്കാര്‍ മാണിയെ ചേര്‍ത്തു പിടിച്ചു. ഒരു തെരഞ്ഞെടുപ്പില്‍ പോലും തോല്‍പ്പിക്കാതെ.

1965ല്‍ പാലാ മണ്ഡലം രൂപീകരിക്കുമ്പോള്‍ കെ.എം മാണിയെയല്ലാതെ മറ്റാരുടെ പേരും കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം ജോര്‍ജിന്‍റെ മുമ്പിലുണ്ടായിരുന്നില്ല. കേരള രാഷ്ട്രീയത്തില്‍ മറ്റൊരു നേതാവിനും നല്‍കാത്ത പിന്തുണയാണ് പാലാ അന്ന് മുതല്‍ മാണിക്ക് നല്‍കിയത്. തുടര്‍ച്ചയായ 12 തെരഞ്ഞെടുപ്പിലും മാണിയെ പാലാ പിന്തുണച്ചു. കര്‍ഷകരുടെ, പ്രത്യേകിച്ച് റബര്‍ കര്‍ഷകരുടെ വക്താവായി മാണി മാറി. കേരളത്തിലെമ്പാടുമുള്ള കുടിയേറ്റ കര്‍ഷകരുടെ ശബ്ദമായി മാണി കേരള രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്നു. പാലാക്കാര്‍ക്ക് കെ.എം മാണി എന്നും മാണി സാര്‍ ആയിരുന്നു.

മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കനത്ത വെല്ലുവിളി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്തെ ബാര്‍ കോഴ വിവാദമായിരുന്നു. ഈ പ്രതിസന്ധിയിലും മാണിയെ തന്നെ ജയിപ്പിച്ചു പാലാ മണ്ഡലം. കെ.എം മാണിയുടെ വിയോഗത്തോടെ, പാലാ നിയമസഭാ നിയോജക മണ്ഡലത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിന്‍റെ തുടക്കം മുതലുള്ള ഒരു വലിയ അധ്യായമാണ് അവസാനിക്കുന്നത്. പാലാക്ക് പകരം വെക്കാനില്ലാത്ത നഷ്ടം.