LiveTV

Live

Kerala

എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടൽ; തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ആയുധമാക്കും  

ഹൈക്കോടതി വിധിയാണെങ്കിലും വേണ്ട രീതിയിൽ ജീവനക്കാരെ സംരക്ഷിക്കാൻ കോർപ്പറേഷനും സർക്കാരിനും കഴിഞ്ഞില്ലെന്നാണ് പൊതുവേയുള്ള ആക്ഷേപം

എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടൽ; തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ആയുധമാക്കും  

കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ജീവനക്കാരുടെ പുറത്താകൽ തെരഞ്ഞെടുപ്പിൽ ആയുധമാക്കാനൊരുങ്ങി യു.ഡി.എഫ്. സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് താത്കാലിക ജീവനക്കാർക്ക് പുറത്തു പോകേണ്ടി വന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. അതിനിടെ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനൊരുങ്ങുകയാണ് എംപാനൽ കൂട്ടായ്മ.

2018 ഡിസംബർ 6ലെ ഹൈക്കോടതി വിധിയെ തുടർന്ന് പുറത്തായ 3861 താത്കാലിക കണ്ടക്ടർമാരുടെ സമരം ഒരു വിധത്തിലാണ് സർക്കാർ ഒത്തുതീർപ്പാക്കിയത്. ഇതിന് പിന്നാലെ കെ.എസ്.ആർ.ടി.സിയിൽ നിന്ന് 1565 താത്കാലിക ഡ്രൈവർമാരെ കൂടി പിരിച്ച് വിടാനുള്ള ഹൈക്കോടതി ഉത്തരവ് സർക്കാരിനെ വീണ്ടും വെട്ടിലാക്കി. തെരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് ഇടതുപക്ഷം. യു.ഡി.എഫ് ഇതിനോടകം തന്നെ ഇത് പ്രചാരണ ആയുധമാക്കി കഴിഞ്ഞു.

ഹൈക്കോടതി വിധിയാണെങ്കിലും വേണ്ട രീതിയിൽ ജീവനക്കാരെ സംരക്ഷിക്കാൻ കോർപ്പറേഷനും സർക്കാരിനും കഴിഞ്ഞില്ലെന്നാണ് പൊതുവേയുള്ള ആക്ഷേപം. ഈ ആക്ഷേപത്തെ പ്രതിരോധിക്കാൻ സർക്കാരിനും കഴിയുന്നില്ല. ലീവ് വേക്കൻസിയിലാണ് ഇപ്പോൾ എം പാനൽ കണ്ടക്ടർമാർ ജോലി ചെയ്യുന്നത്. എന്നാൽ ഇവർക്ക് ഡ്യൂട്ടി നൽകുന്നതിൽ കോർപ്പറേഷൻ പലപ്പോഴും വീഴ്ച വരുത്തിയത് കാരണം അവരും സമരത്തിന് നോട്ടീസ് നൽകി. സർക്കാരും കോർപ്പറേഷനും ഒത്തുകളിക്കുകയാണെന്നാണ് താത്കാലിക കണ്ടക്ടർമാർ ഉന്നയിക്കുന്ന പരാതി.