LiveTV

Live

Kerala

കെ.എസ്.ആർ.ടി.സി താത്കാലിക ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ ; ഗതാഗത മന്ത്രി ഉന്നതതല യോഗം വിളിച്ചു

നിലവിൽ ഡ്രൈവർ തസ്തികയിലേക്ക് ഒഴിവില്ലെന്നാണ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചത്

കെ.എസ്.ആർ.ടി.സി താത്കാലിക ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ ;  ഗതാഗത മന്ത്രി ഉന്നതതല യോഗം വിളിച്ചു

താത്കാലിക ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ വിഷയത്തിൽ തുടർനടപടികൾ കൈക്കൊള്ളാൻ ഗതാഗത മന്ത്രി കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു. നിലവിൽ ഡ്രൈവർ തസ്തികയിലേക്ക് ഒഴിവില്ലെന്നാണ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചത്. നാളത്തെ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. നിയമോപദേശം തേടുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി പറഞ്ഞു.

ഏപ്രിൽ 23 ന് തെരഞ്ഞെടുപ്പായതിനാൽ ഈ മാസം 30 നകം 1565 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. നാളെ ചേരുന്ന ഉന്നതതല യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഡ്രൈവർ തസ്തികയിൽ ഒഴിവില്ലെന്നാണ് ഗതാഗത മന്ത്രി പറഞ്ഞത്.

നിയമ സെക്രട്ടറിയിൽ നിന്ന് ഉപദേശം തേടിയ ശേഷം അപ്പീൽ നൽകാനാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് ആലോചിക്കുന്നത്. കണ്ടക്ടർമാരെ പിരിച്ചുവിട്ടപ്പോൾ പകരം നിയമിക്കാൻ പി.എസ്.സി ലിസ്റ്റ് ഉണ്ടായിരുന്നു. എന്നാൽ ഡ്രൈവർമാരുടേത് റദ്ദാക്കപ്പെട്ട ലിസ്റ്റാണ്. സാമ്പത്തിക സ്ഥിതി പരിഗണിച്ചു കൊണ്ട് നിയമനങ്ങൾ നടത്തിയാൽ മതിയെന്ന സുപ്രിം കോടതി വിധിയും മാനേജ്മെന്റിന് മുന്നിലുണ്ട്.