LiveTV

Live

Kerala

കെ.എം മാണി- ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡിട്ട നേതാവ്

ഒടുവില്‍ ലഡുവും വിതരണം ചെയ്ത് പതിമൂന്നാം ബജറ്റെന്ന റെക്കോര്‍ഡും തന്റെ പേരിലാക്കിയാണ് അദ്ദേഹം സഭയില്‍ നിന്നിറങ്ങിയത്.

കെ.എം മാണി- ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡിട്ട നേതാവ്

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചെന്ന റെക്കോര്‍ഡ് മാത്രമല്ല സംഭവ ബഹുലമായ ബജറ്റ് അവതരിപ്പിച്ചെന്ന റെക്കോര്‍ഡും മാണി സാറിനുള്ളതാണ്. 2015ലെ ബജറ്റ് അന്നുവരെ കണ്ടിട്ടില്ലാത്ത കോലാഹലങ്ങള്‍ക്കാണ് കേരള നിയമസഭ അന്ന് സാക്ഷ്യം വഹിച്ചത്.

1975 ഡിസംബറില്‍ അച്യുതമേനോന്‍ മന്ത്രിസഭയിലാണ് കെ.എം മാണി ആദ്യമായി മന്ത്രിയാകുന്നത്. ധനമന്ത്രിയായിരുന്നു അന്നും. 1976ലാണ് ആദ്യ ബജറ്റ് അവതരണം. അവിടെന്നിങ്ങോട്ട് 13 ബജറ്റുകള്‍ അദ്ദേഹം തന്റെ കൈപ്പടയില്‍ തയ്യാറാക്കി. അരനൂറ്റാണ്ട് പിന്നിടുന്ന രാഷ്ട്രീയ ജീവിതത്തിനിടെ ധനകാര്യ മന്ത്രിയായും ബജറ്റ് അവതരണത്തിലും റെക്കോര്‍ഡുകള്‍ സ്വന്തമാക്കി.

കെ.എം മാണി- ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡിട്ട നേതാവ്

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചര്യനായി വാഴുന്നതിനിടയിലാണ് 2015ല്‍ ഇടിത്തീ പോലെ ബാര്‍കോഴ വിവാദം വരുന്നത്. വിവാദത്തിലകപ്പെട്ട ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം. താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മാണി സാര്‍. സംഭവ ബഹുലമായിരുന്നു മാണി സാറിന്റെ ഒടുവിലത്തെ ബജറ്റ് അവതരണം.

Also read: കെ.എം മാണി അന്തരിച്ചു; വിടവാങ്ങിയത് ആറര പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന അതികായന്‍ 

തലേന്നാള്‍ തന്നെ പ്രതിപക്ഷം നിയമസഭയില്‍ നിലയുറപ്പിച്ചിരുന്നു. തടയാന്‍ കാത്തുനിന്ന പ്രതിപക്ഷത്തെ കബളിപ്പിച്ച് രാവിലെ 8.59ഓടെ പിന്‍വാതിലിലൂടെ മാണി സഭയിലെത്തി. മാണിക്ക് സുരക്ഷാകവചമൊരുക്കി യു.ഡി.എഫ് എം.എല്‍.എമാര്‍ ഒപ്പമുണ്ടായിരുന്നു. മുമ്പില്‍ മൂന്നാമതായാണ് സഭയില്‍ മാണിയുടെ സീറ്റ്. എന്നാല്‍ ബജറ്റ് അവതരിപ്പിച്ചതാകട്ടെ പിന്‍സീറ്റില്‍ നിന്നും.

സ്പീക്കറെ തടഞ്ഞ് ബജറ്റ് അവതരണം തടസ്സപ്പെടുത്താനായിരുന്നു പ്രതിപക്ഷ നീക്കം. പിന്നീടുണ്ടായത് കേരള നിയമസഭ കണ്ടിട്ടില്ലാത്ത കയ്യാങ്കളി. 9.02ന് ആരംഭിച്ച ബജറ്റ് അവതരണം 9.08 വരെ മാത്രമേ നീണ്ടു നിന്നുള്ളൂ. മൂന്ന് നാല് പേജ് വായിച്ച മാണി ബജറ്റ് അവതരിപ്പിച്ചതായി കണക്കാക്കണമെന്ന് അപേക്ഷിച്ച് പ്രസംഗം അവസാനിപ്പിച്ചു. ഒടുവില്‍ ലഡുവും വിതരണം ചെയ്ത് പതിമൂന്നാം ബജറ്റെന്ന റെക്കോര്‍ഡും തന്റെ പേരിലാക്കിയാണ് അദ്ദേഹം സഭയില്‍ നിന്നിറങ്ങിയത്.