LiveTV

Live

Kerala

കെ.എം മാണി അന്തരിച്ചു; വിടവാങ്ങിയത് ആറര പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന അതികായന്‍ 

വൈകീട്ട് 4.57ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ ജന്മനാടായ പാലായിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ചയാണ് സംസ്കാരം.

കെ.എം മാണി അന്തരിച്ചു; വിടവാങ്ങിയത് ആറര പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന അതികായന്‍ 

മുൻമന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ കെ.എം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാളെ വിലാപയാത്രയായി കോട്ടയത്തെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ പാലാ കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കരിക്കും.

കടുത്ത ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ.എം മാണിയുടെ നില ഇന്ന് രാവിലെ മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാൽ വൃക്ക തകരാറിലാവുകയും കടുത്ത ശ്വാസതടസ്സം നേരിടുകയും ചെയ്തതോടെ നില ഗുരുതരമായി. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യയും മകൻ ജോസ് കെ മാണിയും അടക്കം ബന്ധുക്കൾ മരണസമയത്ത് അടുത്തുണ്ടായിരുന്നു. മൃതദേഹം ഒരു മണിക്കൂർ ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിരവധി പേർ ആശുപത്രിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

കേരള നിയമസഭയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയെന്ന ബഹുമതി സ്വന്തമാക്കിയ നേതാവാണ് കെ.എം മാണി. പ്രവര്‍ത്തിച്ച മേഖലയിലെല്ലാം അപ്രമാദിത്തം പുലര്‍ത്താന്‍ കഴിഞ്ഞ നേതാവായിരുന്നു അദ്ദേഹം. കോട്ടയം മീനച്ചല്‍ താലൂക്കില്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ച കരിങ്ങോഴക്കല്‍ മാണിയുടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത് മരങ്ങാട്ടുപള്ളി പഞ്ചായത്തില്‍ നിന്നാണ്. പാലായിലെ കോളജില്‍ നിന്ന് ബിരുദമെടുത്ത ശേഷം മദ്രാസില്‍ നിന്ന് നിയമ പഠനം പൂര്‍ത്തിയാക്കി കോഴിക്കോട്ട് അഭിഭാഷകനായി ജോലി നോക്കി. ഹൈക്കോടതി അഭിഭാഷകനായിരുന്ന പി ഗോവിന്ദമേനോന്റെ ജൂനിയറായി പ്രാക്ടീസ് തുടങ്ങി. പിന്നീട് കളം പാലായിലേക്ക് മാറ്റി.

Also read: വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ച നേതാവ് 

മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയത്തില്‍ അദ്ദേഹം സജീവ സാന്നിധ്യമായി മാറി. 1959ല്‍ കെ.പി.സിയില്‍ അംഗമായി. 1960-64ല്‍ കോട്ടയം ഡി.സി.സി അധ്യക്ഷ പദവിയിലെത്തി. ആര്‍ ശങ്കര്‍ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി പി.ടി ചാക്കോയുടെ രാജിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കോണ്‍ഗ്രസിനെ തളര്‍ത്തി. 64 സെപ്തംബറില്‍ ചാക്കോയുടെ മരണശേഷം ചേര്‍ന്ന നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന് 15 ചാക്കോ അനുകൂല എം.എല്‍.എമാര്‍ നിലപാടെടുത്തു. കെ.എം ജോര്‍ജായിരുന്നു അന്ന് നേതാവ്. ആര്‍ ബാലകൃഷ്ണപ്പിള്ള ഡെപ്യൂട്ടി ലീഡര്‍ പദവിയിലും. ആദ്യം കോണ്‍ഗ്രസിനൊപ്പമായിരുന്നു മാണിയെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ അദ്ദേഹം ചുവട് മാറി. 1965ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 25 സീറ്റില്‍ ജയിച്ച് കേരള കോണ്‍ഗ്രസ് അത്ഭുതമായി. കോണ്‍ഗ്രസില്‍ നിന്നെത്തിയത് 36 പേര്‍ മാത്രം. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ സഭ പിരിച്ചുവിട്ടു.

നാലാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റാണ് കേരള കോണ്‍ഗ്രസിന് ലഭിച്ചത്. അതിലൊന്ന് പാലാ ആയിരുന്നു. 1970ലെ പോരാട്ടത്തില്‍ എം.എം ജേക്കബിനെ 364 വോട്ടിനാണ് മാണി പരാജയപ്പെടുത്തിയത്. പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ പാലായെന്നാല്‍ അത് മാണിയായി. തുടര്‍ന്നുള്ള നിയമസഭകളിലെല്ലാം സജീവ സാന്നിധ്യം. തുടര്‍ച്ചയായി 11 നിയമസഭകളില്‍ അംഗമായ മാണി ഏഴ് നിയമസഭകളില്‍ മന്ത്രിപദത്തിലെത്തി. ഏറ്റവും കൂടുതല്‍ കാലം നിയമ വകുപ്പും ധനവകുപ്പും കൈകാര്യം ചെയ്തത് മാണിയായിരുന്നു. 12 തവണ ബജറ്റവതരിപ്പിച്ചതിലെ റെക്കോര്‍ഡ് മാണിക്ക് സ്വന്തം. 2014ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന രാജി വെക്കുന്നത് വരെ മാണിയുടെ ജൈത്രയാത്ര തുടര്‍ന്നു. പ്രവര്‍ത്തിച്ച മേഖലയിലെല്ലാം അപ്രമാദിത്തം പുലര്‍ത്തിയ നേതാവാണ് വിടവാങ്ങിയത്.