LiveTV

Live

Kerala

വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ ചാണക്യന്‍

കേരളത്തിലെ 10 മന്ത്രിസഭകളില്‍ അംഗമായിരുന്നു മാണി

വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ ചാണക്യന്‍

കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാന്‍ ശേഷിയുണ്ടായിരുന്ന നേതാക്കളിലൊരാളാണ് കെ.എം മാണി. കേരളത്തിലെ 10 മന്ത്രിസഭകളില്‍ അംഗമായിരുന്നു മാണി. പ്രസംഗത്തിലൂടെ സഭയെ കയ്യിലെടുത്ത ചരിത്രവും മാണിയുടെ പേരിലുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് തുടങ്ങി സമാനതകളില്ലാത്ത നേതാവിലേക്കുള്ള വളര്‍ച്ച കൂടിയായിരുന്നു മാണിയുടേത്.

വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ ചാണക്യന്‍

സി.എച്ച് മുഹമ്മദ് കോയ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് പുതിയ കോളജുകള്‍ അനുവദിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് സംസാരിച്ചതില്‍ തുടങ്ങിയതാണ് കെ.എം മാണിയെന്ന നിയമസഭാ സാമാജികന്റെ വളര്‍ച്ച. 1967ല്‍ രണ്ടര വര്‍ഷത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷം ചേര്‍ന്ന നിയമസഭയിലെ മാണിയുടെ പ്രസംഗവും തുടര്‍ച്ചയെന്നോണം ഇ.എം.എസ് മന്ത്രിസഭയുടെ പതനവും. കേരള രാഷ്ട്രീയത്തിലെ ചാണക്യ പദവിയിലേക്ക് മാണി ഉയര്‍ത്തപ്പെട്ടത് ഇവിടം മുതലായിരുന്നു. അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും മുന്നണികള്‍ക്ക് മുട്ടിടറി. കര്‍ഷക പ്രശ്നങ്ങളില്‍ കക്ഷി രാഷ്ട്രീയം മറന്ന് ഒന്നിച്ചു നിന്നത് പാലാക്കാര്‍ക്കിടയില്‍ മാണിയെ ഒന്നുകൂടി ജനകീയനാക്കി. എം.എന്‍ ഗോവിന്ദന്‍ നായരെ പിന്തുണച്ച് നിയമസഭയില്‍ സംസാരിച്ചത് കോണ്‍ഗ്രസുകാരില്‍ ആശങ്കയുണ്ടാക്കി.

വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ ചാണക്യന്‍

1976ല്‍ ആദ്യമായി മന്ത്രി പദത്തിലേക്ക്. കെ.ജി അടിയോടിയില്‍ നിന്ന് മാണി ധനമന്ത്രി പദം ഏറ്റെടുത്തു. കേരളം കണ്ട ഏറ്റവും മികച്ച ബജറ്റ് അവതരണമായിരുന്നു 1976-77 ലേത്. കേരളത്തിന്റെ സാമ്പത്തിക ഉള്ളുകള്ളികള്‍ കണ്ടറിഞ്ഞ മന്ത്രി. സ്വന്തം കൈപ്പടയില്‍ തയ്യാറാക്കി കണക്കുകളുമായി വരുന്ന മാണിയുടെ ബ്രീഫ് കേസ് കേരള ബജറ്റിന്റെ സിമ്പലായി മാറാന്‍ അധിക കാലം വേണ്ടി വന്നില്ല. പക്ഷേ അധികം താമസിയാതെ ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ കാരണം ധനമന്ത്രി പദത്തില്‍ നിന്ന് അദ്ദേഹത്തിന് മാറേണ്ടി വന്നു. തുര്‍ന്ന് കൈകാര്യം ചെയ്തത് ആഭ്യന്തരം. പിന്നീട് ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വീണ്ടും ധനമന്ത്രിയായി.

വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ ചാണക്യന്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വ്യക്തി, ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായ വ്യക്തി, കൂടുതല്‍ തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്, കൂടുതല്‍ തവണ ഒരേ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അംഗം തുടങ്ങി നിരവധി റെക്കോര്‍ഡുകളുണ്ട് മാണിയുടെ പേരില്‍. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്നത് മാണിയുടെ പ്രസ്താവനയാണ്. തുടര്‍ന്നും ചേര്‍ന്നുനില്‍ക്കലും വിട്ടുപോലുമൊക്കെയുണ്ടായി. കേരള കോണ്‍ഗ്രസെന്നാല്‍ ബ്രാക്കറ്റില്‍ എം എന്നെഴുതിയില്ലെങ്കിലും അത് കെ.എം മാണിയുടെ പാര്‍ട്ടിയാണെന്ന് തോന്നിപ്പിക്കുന്നിടത്തേക്ക് എത്തി എന്നതാണ് മാണിയുടെ വിജയം. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ നടപ്പിലാക്കി, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിച്ചു തുടങ്ങി നിരവധി പരിഷ്കാരങ്ങള്‍ക്ക് കെ.എം മാണിയെന്ന ധനമന്ത്രി തുടക്കം കുറിച്ചു.

Also read: കെ.എം മാണി അന്തരിച്ചു

ബാര്‍കോഴക്കേസ് കെ.എം മാണിയെന്ന നേതാവിന്റെ അപ്രമാദിത്തത്തിന് താത്കാലികമായി വിരാമമിട്ടു. ബാര്‍ കോഴക്കേസില്‍ പെട്ട് മന്ത്രിപദം ഒഴിയേണ്ടി വന്നു. ഇത് കോണ്‍ഗ്രസുമായി നേരിട്ടുള്ള സംവാദത്തിലേക്ക് വഴി തുറന്നു. യു.ഡി.എഫുമായി ഇടഞ്ഞ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി മാറി. ഏറെ കഴിയും മുന്‍പേ ചരിത്രത്തിന്‍റെ ആവര്‍ത്തനം പോലെ യു.ഡി.എഫില്‍ തിരിച്ചെത്തി. പ്രവര്‍ത്തിച്ച മേഖലയിലെല്ലാം അപ്രമാദിത്തം പുലര്‍ത്തിയ നേതാവാണ് വിടവാങ്ങിയത്.