LiveTV

Live

Kerala

മലപ്പുറം ആനക്കയത്ത് സഹോദരങ്ങള്‍ മുങ്ങിമരിച്ചു

14 വയസ്സുകാരി ഫാത്തിമ ഫിദ, 12 വയസ്സുകാരി ഫാത്തിമ നിദ എന്നിവരാണ് മരിച്ചത്.

മലപ്പുറം ആനക്കയത്ത് സഹോദരങ്ങള്‍ മുങ്ങിമരിച്ചു

ഉമ്മയോടൊപ്പം കുളിക്കുന്നതിനിടെ ആനക്കയത്ത് സഹോദരികള്‍ മുങ്ങിമരിച്ചു. ആനക്കയം ഈരാമുടക്കിലെ ഏറാന്തൊടി അബൂബക്കറിന്റെ മക്കളാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആനക്കയം പാലത്തിനടുത്ത് ചെക്ക് ഡാമിന് സമീപത്തായിരുന്നു അപകടം.

14 വയസ്സുകാരി ഫാത്തിമ ഫിദ, 12 വയസ്സുകാരി ഫാത്തിമ നിദ എന്നിവരാണ് മരിച്ചത്. സ്‌കൂള്‍ അവധിക്ക് ഉമ്മയുടെ വീടായ ആനക്കയത്തെത്തിയ വിദ്യാര്‍ഥിനികള്‍ മാതാവ് സൗദയോടൊപ്പമാണ് വാദിറഹ്മ മസ്ജിദിന് സമീപമുള്ള പാറക്കടവില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ അബദ്ധത്തില്‍ ഫാത്തിമ നിദ ആദ്യം അപകടത്തില്‍ പെടുകയായിരുന്നു. സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫിദയും അപകടത്തില്‍ പെട്ടു.

ബഹളം കേട്ട് സമീപത്തെ അങ്ങാടിയില്‍ നിന്നും യുവാക്കളെത്തിയാണ് കുട്ടികളെ മുങ്ങിയെടുത്തത്. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകി.