LiveTV

Live

Kerala

മോദിയ്ക്കും കേന്ദ്ര സര്‍ക്കാരിനുമൊന്നും പി.സി തോമസിന്റെ പ്രചരണത്തില്‍ വലിയ പങ്കില്ല

പോസ്റ്ററുകളിലും ഫ്ലക്സുകളിലും വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ലഘുലേഖയില്‍ പോലും നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും ഇല്ല.

 മോദിയ്ക്കും കേന്ദ്ര സര്‍ക്കാരിനുമൊന്നും പി.സി തോമസിന്റെ പ്രചരണത്തില്‍ വലിയ പങ്കില്ല

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടിയാണ് എന്‍.ഡി.എ വോട്ട് തേടുന്നത്. എന്നാല്‍ കോട്ടയത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി ഇതില്‍ നിന്നും അല്പം വ്യത്യസ്തനാണ്. മോദിയ്ക്കും കേന്ദ്ര സര്‍ക്കാരിനുമൊന്നും പി.സി തോമസിന്റെ പ്രചരണത്തില്‍ വലിയ പങ്കില്ല . താന്‍ എം.പിയായിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങള്‍ മാത്രമാണ് പി.സി ഉയര്‍ത്തിക്കാട്ടുന്നത്. പോസ്റ്ററുകളിലും ഫ്ലക്സുകളിലും വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ലഘുലേഖയില്‍ പോലും നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും ഇല്ല.

പി.സി തോമസിന്റെ വ്യത്യസ്തമായ പ്രചരണം മോദിയെയും കേന്ദ്രസര്‍ക്കാരിനെയും ഉയര്‍ത്തിക്കാട്ടുന്നില്ല. മോദിയെ കുറിച്ച് പി.സിയുടെ അഭ്യര്‍ത്ഥനയില്‍ ഒരു വരി പോലുമില്ല. ഹിന്ദു, ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് അപ്പുറം നിഷ്പക്ഷ വോട്ടുകളിലും കണ്ണുവെച്ചാണ് പി.സി തോമസിന്റെ ഈ നീക്കം. എന്‍.ഡി.എ സ്ഥാനാര്‍ഥിയാണെങ്കിലും പോസ്റ്ററുകളിലും ഫ്ലക്സുകളിലും അഭ്യര്‍ത്ഥനകളിലുമൊന്നും മോദിയോ മോദിയുടെ ഭരണ നേട്ടങ്ങളോ ഇല്ല. വാഹന പ്രചരണത്തിനിടെ നടത്തുന്ന പ്രസംഗത്തില്‍ പോലും ഇത് ഒഴിവാക്കുകയാണ് പതിവ്. ബി.ജെ.പി പ്രവര്‍ത്തകര്‍ കൂടുതലുള്ള മേഖലയില്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ പി.സി പ്രസംഗിക്കുന്നത്.

താന്‍ എം.പിയായിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങളും പി.ടി ചാക്കോയുടെ മകനാണെന്നതും ഉയര്‍ത്തിക്കാട്ടിയാണ് പി.സിയുടെ പ്രചാരണം. എന്നാല്‍ ആരോപണം ശരിയല്ലെന്നും എല്ലാ പോസ്റ്ററുകളിലും ഫ്ലക്സുകളിലും മോദിയുടെ പടം ചേര്‍ക്കാനാകില്ലെന്നുമാണ് പി.സി പറയുന്നത്.

വ്യക്തികളെ നോക്കി വോട്ടു ചെയ്യുന്നവരാണ് കോട്ടയത്തുകാര്‍. ത്രികോണ മത്സരത്തിലേക്ക് കാര്യങ്ങള്‍ കടക്കുമ്പോള്‍ ബി.ജെ.പി വിരുദ്ധ വോട്ടുകളും നേടുക എന്ന ലക്ഷ്യമാണ് പി.സി തോമസ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയരുത്തല്‍. പി.സിയുടെ ഈ നീക്കം ബി.ജെ.പി നേതൃത്വവും കണ്ടില്ലെന്ന് നടിക്കുകയാണ്. വിജയിക്കുക എന്ന ഒറ്റലക്ഷ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് ഇവരുടെ നിലപാട്.