LiveTV

Live

Kerala

കുട്ടിയുടെ മരണം തലക്കേറ്റ ക്ഷതം മൂലം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഒന്നിലധികം തവണ കുട്ടി ക്രൂരമർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും പോസ്റ്റുമോർട്ടം നടത്തിയ പോലീസ് സർജൻമാർ പറയുന്നു.

കുട്ടിയുടെ മരണം തലക്കേറ്റ ക്ഷതം മൂലം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ കുട്ടി മരിക്കാൻ കാരണമായത് തലക്ക് ഏറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ. തലയുടെ ഇരുവശങ്ങളിലും പിറകിലും ചതവുണ്ട്. ശരീരത്തിലാസകലം മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നുമാണ് പോസ്റ്റ്. പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ കാരണങ്ങൾ ശരിവെക്കുന്നതായിരുന്നു പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനങ്ങൾ.

തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. തലയോട്ടിയുടെ വലതുഭാഗത്ത് പൊട്ടലുണ്ട്. തലയുടെ ഇരുവശങ്ങളിലും പിറകിലും ചതവ്, വലതുവശത്തെ ഒരു വാരിയെല്ലിന് പൊട്ടൽ, ശരീരത്തിലാകമാനം ചതവുകൾ, ബലപ്രയോഗം നടത്തിയതിന്റെ പാടുകളും ശരീരത്തിലുണ്ടെന്നാണ് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക നിഗമനം. ഒന്നിലധികം തവണ കുട്ടി ക്രൂരമർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും പോസ്റ്റുമോർട്ടം നടത്തിയ പോലീസ് സർജൻമാർ പറയുന്നു.

സാധാരണ വീഴ്ചയിൽ ഉണ്ടായ പരിക്കുകളായി ഇതിനെ കാണാൻ സാധിക്കില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് വേണ്ടി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പോസ്റ്റുമോർട്ടം നടപടികൾ പ്രത്യേകം ക്യാമറയിൽ ചിത്രീകരിച്ചിരുന്നു. വിശദമായ റിപ്പോർട്ട് ഉടൻ പോലീസിന് കൈമാറും. പോസ്റ്റുമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളജിൽ കൊണ്ടുവന്ന കുട്ടിയുടെ മൃതദേഹം കാണാൻ വലിയ ജനാവലിയാണ് തടിച്ചുകൂടിയത്.