LiveTV

Live

Kerala

ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് കോഴ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിക്കും

പ്രതിപക്ഷനേതാവിന്‍റെ പരാതിയിലാണ് അന്വേഷണം.

ബി.ജെ.പി  നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് കോഴ ക്രൈംബ്രാഞ്ച്  വീണ്ടും അന്വേഷിക്കും

ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് കോഴ ആരോപണം വീണ്ടും അന്വേഷിക്കുന്നു. ക്രൈംബ്രാഞ്ച് ആണ് അന്വേഷണത്തിന് തുടക്കമിട്ടിരിക്കുന്നത്. പ്രതിപക്ഷനേതാവിന്‍റെ പരാതിയിലാണ് അന്വേഷണം.

എന്‍.ഡി.എ സര്‍ക്കാരിന്‍റെ കാലഘട്ടത്തില്‍ സ്വാശ‌്രയ മെഡിക്കല്‍ കോളജ് സംസ്ഥാനത്തിന് അനുവദിക്കാമെന്ന് പറഞ്ഞ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ കോഴ വാങ്ങിയെന്നാണ് ഒന്നര വര്‍ഷം മുന്‍പ് ഉയര്‍ന്നുവന്ന ആരോപണം. തിരുവനന്തപുരം കോവളം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍റെ പരാതിയിന്മേല്‍ വിജിലന്‍സ് അന്വേഷണം നടത്തി എങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ചിന്‍റെ പുതിയ അന്വേഷണം.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പരാതിയിന്മേല്‍ പ്രതിപക്ഷനേതാവിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 90 ദിവസം കൊണ്ട് അന്വേഷണത്തിന്മേല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിക്കുന്നത്.

ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ ആയ എം.ടി രമേശ് അടക്കം ആരോപണത്തില്‍ പ്രതിസ്ഥാനത്താണ്. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണത്തെ രാഷ്ട്രീയമായി നേരിടാനുള്ള നീക്കത്തിലാണ് ബി.ജെ.പി. നേതാക്കളെ തെരഞ്ഞെടുപ്പിന് മുന്‍പ് ചോദ്യം ചെയ്യുന്നത് ഒഴിവാക്കാന്‍ ബി.ജെ.പി ഹൈക്കോടതിയെ സമീപിച്ചേക്കും.