LiveTV

Live

Kerala

ഉറപ്പുകള്‍ ലംഘിക്കപ്പെട്ടാല്‍ ഫ്രാങ്കോക്കെതിരായ സമരം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

പ്രതിയെ അറസ്റ്റ് ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും കുറ്റപത്രം നൽകാതിരുന്നത് ഉന്നത സ്വാധീനം മൂലമാണന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നത് വരെ കന്യാസ്ത്രീകൾക്കൊപ്പം നിൽക്കുമെന്നും എസ്.ഒ.എസ് പ്രഖ്യാപിച്ചു.

ഉറപ്പുകള്‍ ലംഘിക്കപ്പെട്ടാല്‍ ഫ്രാങ്കോക്കെതിരായ സമരം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ലൈംഗിക പീഡനക്കേസില്‍ കുറ്റപത്രം സമർപ്പിക്കുമെന്ന് കോട്ടയം എസ്.പി ഉറപ്പ് തന്നതിന്റെ അടിസ്ഥാനത്തിലാണ് സമരത്തില്‍ നിന്ന് പിന്മാറിയെതെന്ന് എസ്.ഒ.എസ് ആക്ഷന്‍ കൗണ്‍സില്‍. ഉറപ്പുകള്‍ ലംഘിക്കപ്പെട്ടാല്‍ വീണ്ടും സമരമാരംഭിക്കും. വിചാരണ നടത്തി കുറ്റക്കാരെ ശിക്ഷിക്കുംവരെ കന്യാസ്ത്രീകള്‍ക്കൊപ്പം നില്‍ക്കുമെന്നും കൊച്ചിയില്‍ നടന്ന വിശദീകരണ യോഗത്തില്‍ എസ്.ഒ.എസ് വ്യക്തമാക്കി.

കോട്ടയം എസ്.പി നേരിട്ട് വിളിച്ച് ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഉറപ്പ് തന്നതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട സമര പ്രഖ്യാപനം മാറ്റി വിശദീകരണ യോഗം നടത്താന്‍ എസ്.ഒ.എസ് തീരുമാനിച്ചത്. കൊച്ചി വഞ്ചി സ്വകയറില്‍ നടന്ന വിശദീകരണ യോഗത്തില്‍ വിവിധ മേഖലകളിലെ നിരവധി ആളുകളാണ് പങ്കെടുത്തത്.

പ്രതിയെ അറസ്റ്റ് ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും കുറ്റപത്രം നൽകാതിരുന്നത് ഉന്നത സ്വാധീനം മൂലമാണന്നും നീതിപൂർവ്വകമായ വിചാരണ നടത്തി കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നത് വരെ കന്യാസ്ത്രീകൾക്കൊപ്പം നിൽക്കുമെന്നും വിശദീകരണ യോഗത്തില്‍ എസ്.ഒ.എസ് പ്രഖ്യാപിച്ചു.

കന്യാസ്ത്രീകള്‍ക്കും എസ്.ഒ.എസിനും ലഭിച്ച ഉറപ്പുകള്‍ ലംഘിക്കപ്പെട്ടാല്‍ ശനിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. എസ്.ഒ.എസ് കണ്‍വീനര്‍ ഫെലിക്സ് പുല്ലൂടാന്‍ അധ്യക്ഷത വഹിച്ച വിശദീകരണ യോഗത്തില്‍ സി.പി.എം നേതാവ് എം.എം ലോറൻസ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആർ. നീലകണ്ഠൻ, സിസ്റ്റർ ടീന, ബിന്ദു അമ്മിണി തുടങ്ങിയവരും പ്രസംഗിച്ചു.