ലോക്സഭാ തെരഞ്ഞെടുപ്പ്: പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിനം നാളെ
സ്ഥാനാര്‍ത്ഥി ചിത്രം ഏറെ കുറെ വ്യക്തമായ മണ്ഡലങ്ങളില്‍ തങ്ങളുടെ വോട്ടുകള്‍ അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍.

ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികക്ക് നാളെ അന്തിമ രൂപമാകും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. 20 മണ്ഡലങ്ങളിലായി 242 നാമനിര്‍ദേശപത്രികകളാണ് അംഗീകരിച്ചിരിക്കുന്നത്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കുന്നതോടെ മത്സര ചിത്രം പൂര്‍ണമാകും. സൂക്ഷ്മ പരിശോധനയില്‍ 61 പത്രികകള്‍ തള്ളിയിരുന്നു. ഏറ്റവും കൂടുതല്‍ പത്രികകള്‍ ഉള്ളത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലാണ്. 22 പത്രികകള്‍. ഏറ്റവും കുറവ് കോട്ടയത്ത്. പതിനഞ്ച് പത്രികകള്‍ സമര്‍പ്പിച്ച കോട്ടയത്ത് ഏഴ് പത്രികകള്‍ അംഗീകരിച്ചു. പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂട് പിടിക്കും.
പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളും മുന്നണികളും നാലാം വട്ട പ്രചരണത്തിലേക്ക് കടന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥി ചിത്രം ഏറെ കുറെ വ്യക്തമായ മണ്ഡലങ്ങളില്‍ തങ്ങളുടെ വോട്ടുകള്‍ അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും അപരന്മാരുടെയും സാന്നിധ്യം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാം. എല്‍.ഡി.എഫിനും യു.ഡി.എഫിനുമൊപ്പം എന്‍.ഡി.എയും ദേശീയ നേതാക്കളെ വരും ദിവസങ്ങളില്‍ പ്രചാരണത്തിനെത്തിക്കും. ഈ മാസം 23നാണ് വോട്ടെടുപ്പ്. അടുത്ത മാസം 23നാണ് ഫലപ്രഖ്യാപനം.