പ്രളയകാലത്ത് അമിതമായി വെള്ളം തുറന്നുവിട്ടെന്ന തമിഴ്നാട് വാദം സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളിയാകുന്നു
തമിഴ്നാട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്കിയ വിവരങ്ങള്‍ ശരിയെങ്കില്‍ കെ എസ് ഇ ബിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്.

പ്രളയകാലത്ത് ഇടുക്കി ഡാമില്‍ നിന്ന് അമിതമായി കേരളം വെള്ളം തുറന്നുവിട്ടെന്ന തമിഴ്നാട് സര്‍ക്കാര്‍ വാദം സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളിയാകുന്നു. തമിഴ്നാട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്കിയ വിവരങ്ങള്‍ ശരിയെങ്കില്‍ കെ.എസ്. ഇ.ബിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. ഡാമിലെ 23 അടിക്ക് തുല്യമായ വെള്ളമാണ് ഒറ്റദിവസം പുറത്തേക്ക് വിട്ടത്. പ്രളയ ദിവസങ്ങളില്‍ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമായതും സംശയത്തിന്റെ നിഴലിലാണ്.
മഴ കനടത്ത് ആഗസ്റ്റ് 15 ന് ഇടുക്കി ഡാമില്‍ നിന്ന് പുറത്തു വിട്ടത് 390.51 മില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളമെന്നാണ് തമിഴ്നാട് സുപ്രിം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഇടുക്കി ഡാമിന്റെ 23 അടി നിറയാനുള്ള വെള്ളമാണ് ഇതെന്നാണ് വിദഗ്ദര്‍ പറയുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ ആകെ ജലശേഖരം 430 മില്യണ്‍ ക്യൂബിക് മീറ്ററാണ്. അതായത് മുല്ലപ്പെരിയാറിലെ വെള്ളത്തില്‍ ഭൂരിഭാഗവും ഒഴുക്കി വിട്ടാലുള്ളത്ര വെള്ളമാണ് ഇടുക്കയില്‍ നിന്ന് ഒറ്റദിവസം കൊണ്ട് ഒഴിക്കിയത്. പ്രളയ ദിവസങ്ങളില്‍ ഇടുക്കിയിലേക്ക് ഒഴുകി എത്തിയത് പരമാവധി 10 അടി വെള്ളമെന്നാണ് കെ.എസ്.ഇ.ബിയും വൈദ്യുതി വകുപ്പും പുറത്തിറക്കിയ വാര്‍ത്താ കുറിപ്പുകളിലുള്ളത്. അങ്ങനെയെങ്കില്‍ ഒറ്റയടിക്ക് 23 അടി പുറത്തുവിടേണ്ട സാഹചര്യം എന്താണെന്ന് കെ.എസ്. ഇ.ബിക്ക് വിശദീകരിക്കേണ്ടിവരും. കൂടാതെ പ്രളയം നടന്ന ദിവസങ്ങളില്‍ സ്റ്റേറ്റ് ലോഡ് ഡെസ്പാച് സെന്ററിന്റെ സൈറ്റ് പ്രവര്‍ത്തന രഹിതമായിരുന്നതും വീണ്ടും ചര്‍ച്ചയാവുകയാണ്.
സോഷ്യല്‍ മാധ്യമങ്ങളില്‍ പരാതി ഉയര്‍ന്നതിന് ശേഷം സെപ്റ്റംബര്‍ ആദ്യമാണ് വെബ്സൈറ്റില്‍ വീണ്ടും വിവരങ്ങള്‍ ലഭ്യമായി തുടങ്ങിയത്. നിര്‍ണായകമായ ഈ ഘട്ടത്തില്‍ വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമായതിന് പിന്നില്‍ അധികൃതരുടെ കരങ്ങളുണ്ടോ എന്ന സംശയവും ഉയര്‍ന്നിട്ടണ്ട്. ഇടുക്കി ഡാമില്‍ നിന്ന് അമിതമായി വെള്ളമൊഴുക്കിയെന്ന് ആരോപണം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.