LiveTV

Live

Kerala

ആ കുഞ്ഞ് ഇനി വേദനിക്കുന്ന ഓര്‍മ; തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

അബോധാവസ്ഥയിലായിരുന്ന കുഞ്ഞ് പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

 ആ കുഞ്ഞ് ഇനി വേദനിക്കുന്ന ഓര്‍മ; തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരായായ ഏഴ് വയസുകാരന്‍ മരിച്ചു. ഇന്ന് പതിനൊന്നര മണിക്കാണ് മരണം സംഭവിച്ചത്.

അബോധാവസ്ഥയിലായിരുന്ന കുഞ്ഞ് പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്നലെ രാത്രിയോടെ ആരോഗ്യനില കൂടുതല്‍ വഷളായി. കുടലിന്റെ പ്രവര്‍ത്തനം നിലച്ചതിനാല്‍ ദ്രവ രൂപത്തില്‍ ഭക്ഷണം നല്‍കുന്നത് നിര്‍ത്തി. രാത്രിയോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായി. രക്ത സമ്മര്‍ദ്ദം താണു. ഇന്ന് രാവിലെ സ്ഥിതി കൂടുതല്‍ വഷളായി. 11.35ന് എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി ആ കുഞ്ഞ് മരണത്തിന് കീഴടങ്ങി.

അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സഹോദരന്‍ മൂന്നുവയസുകാരന്‍ കിടക്കയില്‍ മൂത്രം ഒഴിച്ചത് ശ്രദ്ധിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇയാള്‍ അതിക്രൂരമായി മര്‍ദിച്ചത്. കുട്ടിയെ നിലത്തെറിഞ്ഞപ്പോള്‍ കട്ടിലിനും അലമാരയ്ക്കും ഇടയില്‍ തല ശക്തിയായി ഇടിച്ചാണ് തലച്ചോറില്‍ ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റത്. സംഭവത്തില്‍ അമ്മയുടെയും മുത്തശ്ശിയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായും തെളിഞ്ഞിരുന്നു.

സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്.

Also read: ഏഴ് വയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല; തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു

Also read: അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Also read: ക്രൂരമര്‍ദനത്തിനിരയായ ഏഴ് വയസുകാരന്‍ ലൈംഗികമായും പീഡിപ്പിക്കപ്പെട്ടു

മരണകാരണം തലക്കേറ്റ ക്ഷതം

തലക്കേറ്റ ക്ഷതം മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിയുടെ വലതുഭാഗത്ത് പൊട്ടലും തലയോട്ടിയുടെ ഇരുവശങ്ങളിലും പിറകിലും ചതവുമുണ്ട്. ശരീരത്തിലാകമാനം ചതവുകളുണ്ട്. കുഞ്ഞ് ഒരുപാട് തവണ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.