LiveTV

Live

Kerala

പ്രചരണരംഗം കൂടുതൽ സജീവമാക്കാൻ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്; 12ന് മോദി എത്തും 

പരസ്യ പ്രചരണം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെയാണ് ദേശീയ നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാൻ മുന്നണികളൊരുങ്ങുന്നത്

പ്രചരണരംഗം കൂടുതൽ സജീവമാക്കാൻ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്; 12ന് മോദി എത്തും 

പ്രചരണരംഗം കൂടുതൽ സജീവമാക്കാൻ ദേശീയ നേതാക്കളുടെ വൻനിര തന്നെ സംസ്ഥാനത്തേക്കെത്തുന്നു.നരേന്ദ്ര മോദി,രാഹുൽ ഗാന്ധിയുൾപ്പടെയുളള നേതാക്കൾ വരും ദിവസങ്ങളിൽ കേരളത്തിൽ പ്രചരണത്തിനെത്തും.

പരസ്യ പ്രചരണം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെയാണ് ദേശീയ നേതാക്കളെ രംഗത്തിറക്കി കളം പിടിക്കാൻ മുന്നണികളൊരുങ്ങുന്നത്.കോൺഗ്രസും ബി.ജെ.പിയുമാണ് ഇക്കാര്യത്തിൽ മുന്നിൽ.ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ആദ്യമായി അക്കൌണ്ട് തുറക്കുവാൻ തീവ്രശ്രമം നടത്തുന്ന ബി.ജെ.പി പ്രധാനമന്ത്രിയടക്കമുളള താരപ്രചാരകരെയാണ് അണി നിരത്തുന്നത്. ഈ മാസം 12 ന് കോഴിക്കോടും 18 ന് തിരുവനന്തപുരത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. രാഹുൾ ഗാന്ധിയുടെ വരവോടെ ശ്രദ്ധേയമായ വയനാട്ടിലേക്ക് 17 ന് ദേശീയ അധ്യക്ഷൻ അമിത് ഷായെ എത്തിക്കാനാണ് നീക്കം.

കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, നിതിൻ ഗഡ്ഗരി, നിർമലാ സീതാരാമൻ എന്നിവരും സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ എൻ.ഡി.എയുടെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിന്റെ ആവേശം സംസ്ഥാനത്തെമ്പാടുമെത്തിക്കാനുളള ഒരുക്കത്തിലാണ് കോൺഗ്രസുളളത്.16,17 തിയതികളിൽ രാഹുൽ പ്രചാരണത്തിനായി വീണ്ടും സംസ്ഥാനത്തെത്തും.വയനാട്ടിന് പുറമേ തിരുവനന്തപുരം,പത്തനംതിട്ട മണ്ഡലങ്ങളിലായിരിക്കും രാഹുൽ പ്രചാരണത്തിനെത്തുക.

പ്രിയങ്ക ഗാന്ധിയുൾപ്പെടയുളളവർ വരും ദിവസങ്ങളിൽ യു.ഡി.എഫിനായി കേരളത്തിലെത്തുമെന്നാണ് സൂചന.എൽ.ഡി.എഫിനു വേണ്ടി സീതാറാം യെച്ചൂരി,പ്രകാശ് കാരാട്ട്,ബൃന്ദ കാരാട്ട്,സുധാകർ റെഡ്ഡി എന്നിവരാണ് ദേശീയതലത്തിൽ നിന്ന് സംസ്ഥാനത്ത് പ്രചരണത്തിനെത്തുന്നത്.ഏപ്രിൽ 18ന് വയനാട്ടിൽ മണ്ഡലത്തിൽ നടക്കുന്ന പ്രചരണ പരിപാടിയിൽ യെച്ചൂരി പങ്കെടുക്കും.