LiveTV

Live

Kerala

കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍

മന്ത്രിസഭ തീരുമാനമെടുത്തിട്ടും സമയബന്ധിതമായി ചീഫ് സെക്രട്ടറി ഉത്തരവിറക്കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉണ്ടായത്.

കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍

കാര്‍ഷിക വായ്പകള്‍ക്കുള്ള മോറട്ടോറിയം നീട്ടി ഉത്തരവിറക്കുന്നത് വൈകും. ഉത്തരവിറക്കാന്‍ അനുമതി നല്‍കുന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും, സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. മന്ത്രിസഭ തീരുമാനമെടുത്തിട്ടും സമയബന്ധിതമായി ചീഫ് സെക്രട്ടറി ഉത്തരവിറക്കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉണ്ടായത്.

കാർഷിക വായ്പകൾക്കും, കർഷകരുടെ കാർഷികേതര വായ്പകൾക്കും ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിക്കാൻ മാർച്ച് 5 ന് ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. എന്നാൽ മാർച്ച് 10ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയില്ല. മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നത് കൊണ്ട് പിന്നീട് ഉത്തരവിറക്കാനും സാധിച്ചില്ല. ഇതിന് പിന്നാലെ ഉത്തരവിറക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഫയലും കമ്മീഷന്‍ തിരിച്ചയച്ചതോടെ പ്രതിസന്ധി രൂക്ഷമായി. കര്‍ഷകരുടെ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തൃപ്തി രേഖപ്പെടുത്തിയെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ടിക്കാറാം മീണ പറഞ്ഞു.

സര്‍ക്കാര്‍ കൂടുതല്‍ വിശദീകരണം നല്‍കി അതില്‍ കമ്മീഷന് തൃപ്തിയുണ്ടെങ്കില്‍ മാത്രമേ ഉത്തരവിറക്കാന്‍ അനുമതി ലഭിക്കുകയുള്ളു, അതേസമയം നേരത്തെ പ്രഖ്യാപിച്ച മോറട്ടോറിയം ഒക്ടോബര്‍ അവസാനം വരെ ഉള്ളതുകൊണ്ട് കര്‍ഷര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം