LiveTV

Live

Kerala

‘പ്രളയകാലത്ത് കേരളം അമിതമായി വെള്ളം തുറന്നുവിട്ടു’ ആരോപണവുമായി തമിഴ്നാട് സര്‍ക്കാര്‍

മഴ കനത്ത ആഗസ്റ്റ് 15ന് 390മില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളം തുറന്നുവിട്ടതായി കെ.എസ്.ഇ.ബി രേഖകള്‍ ഉദ്ധരിച്ച് തമിഴ്നാട് വാദിക്കുന്നു.

‘പ്രളയകാലത്ത് കേരളം അമിതമായി  വെള്ളം തുറന്നുവിട്ടു’ ആരോപണവുമായി തമിഴ്നാട് സര്‍ക്കാര്‍

പ്രളയകാലത്ത് ഇടുക്കി ഡാമില്‍ നിന്ന് അമിതമായി കേരളം വെള്ളം തുറന്നുവിട്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍. മഴ കനത്ത ആഗസ്റ്റ് 15ന് 390മില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളം തുറന്നുവിട്ടെന്ന് കെ.എസ്.ഇ.ബി രേഖകള്‍ ഉദ്ധരിച്ച് തമിഴ്നാട് സുപ്രിംകോടതിയെ അറിയിച്ചു. എന്നാല്‍ 111മില്യണ്‍ ക്യുബിക് വെള്ളമേ തുറന്നുവിട്ടുള്ളൂ എന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. രേഖകളില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടോ എന്ന സംശയവുമായി പ്രതിപക്ഷവും രംഗത്ത് വന്നു.

കേരളത്തിലെ പ്രളയക്കെടുതി രൂക്ഷമായതില്‍ മുല്ലപ്പെരിയാറില്‍ നിന്ന് തുറന്നുവിട്ട വെള്ളവും കാരണമായെന്ന് കേരളം സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടിയായി തമിഴ്നാട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇടുക്കിയില്‍ നിന്ന് പ്രളയകാലത്ത് തുറന്നുവിട്ട വെള്ളത്തിന്‍റെ അളവ് കൊടുത്തിരിക്കുന്നത്. 10-ാം തിയതി മുതലുള്ള രേഖയാണ് ഉള്ളത്. 52.7 മില്യണ്‍ ക്യൂബിക് മീറ്ററാണ് 10ന് ഒഴുക്കി വിട്ടത്. 14-ാം തീയതിയില്‍ തുറന്നുവിട്ടത് 46.21 മില്യണ്‍ ക്യൂബിക് മീറ്ററാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ആഗസ്റ്റ് 15 ന് 390.51 മില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളം തുറന്നുവിട്ടെന്നാണ് തമിഴ്നാട് നല്‍കുന്ന കണക്ക്.

കെ.എസ്.ഇ.ബിക്ക് കീഴിലെ ഡാമുകളിലെ വെള്ളത്തെക്കുറിച്ച രേഖകള്‍ സൂക്ഷിക്കുന്ന സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്‍ററിന്‍റെ സൈറ്റില്‍ നിന്നെടുത്ത രേഖകളെന്നാണ് തമിഴ്നാട് അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലെ രേഖകള്‍ ഇപ്പോള്‍ ഈ സൈറ്റില്‍ ലഭ്യമല്ല. കെ.എസ്.ഇ.ബി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരപ്രകാരം 111 മില്യണ്‍ ക്യൂബിക് മീറ്റര്‍ വെള്ളം മാത്രമേ പുറത്തുവിട്ടുള്ളൂ എന്നാണ് പറയുന്നത്. ഈ വൈരുധ്യത്തിന് കാരണമെന്തെന്ന ചോദ്യം പ്രതിപക്ഷം ഉന്നയിച്ച് കഴിഞ്ഞു.

ശരിയായ വിവരം സര്‍ക്കാര്‍ പുറത്തുവിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രളയത്തിന്‍റെ ആക്കം കൂട്ടിയത് ഡാം മാനേജ്മെന്‍റിലെ പിഴവാണെന്ന് ഹൈകോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് കൂടി വന്ന സാഹചര്യത്തില്‍ ഈ പുതിയ വിവരം സര്‍ക്കാരിനെ വലിയ തോതില്‍ പ്രതിരോധത്തിലാക്കും.