LiveTV

Live

Kerala

തെരഞ്ഞെടുപ്പ് പ്രചാരണ ചൂടില്‍ പത്തനംതിട്ട; ശബരിമല വിഷയവും പ്രളയ പുനരധിവാസവും ചര്‍ച്ചയാവുന്നു

ശബരിമല ഏറ്റവും കൂടുതൽ ചർച്ചാ വിഷയമാവുന്ന മണ്ഡലത്തിൽ പ്രളയ പുനരധിവാസവും വോട്ടിനെ സ്വാധീനിക്കും

തെരഞ്ഞെടുപ്പ് പ്രചാരണ ചൂടില്‍ പത്തനംതിട്ട; ശബരിമല വിഷയവും പ്രളയ പുനരധിവാസവും ചര്‍ച്ചയാവുന്നു

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല വിഷയങ്ങളാണ് പത്തനംത്തിട്ടയിൽ മുന്നണികൾ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ശബരിമല ഏറ്റവും കൂടുതൽ ചർച്ചാ വിഷയമാവുന്ന മണ്ഡലത്തിൽ പ്രളയ പുനരധിവാസവും വോട്ടിനെ സ്വാധീനിക്കും. അമിക്കസ് ക്യൂറി റിപ്പോർട്ട് കൂടി ചൂണ്ടി കാണിച്ച് ശക്തമായ പ്രചാരണത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

കേരളത്തിൽ ഏറ്റവും കൂടുതൽ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയിൽ മൂന്ന് മുന്നണികൾക്കും അമിത പ്രതീക്ഷ വെയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. 2009 ലെയും 2014ലെയും പോലെ സുരക്ഷിതമായ മണ്ഡലമല്ല യു.ഡി.എഫിന് ഇത്തവണ പത്തനംത്തിട്ട. പ്രളയം തകർത്ത പത്തനംതിട്ടയിൽ അമിക്കസ് ക്യൂറി റിപ്പോർട്ടിലെ പരാമർശങ്ങളും വോട്ടിനെ സ്വാധീനിക്കുമെന്ന് യു.ഡി.എഫ് കണക്ക് കൂട്ടുന്നു.

പത്തനംതിട്ടയിൽ 10 വർഷമായി വികസനമില്ലായ്മയാണെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് മൂന്നാം ഘട്ട പ്രചാരണത്തിന് ഒരുങ്ങുമ്പോൾ അവർ പ്രതീക്ഷ വെയ്ക്കുന്നത് 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെയാണ്. ലോക്സഭാ മണ്ഡലത്തിൽ പത്തനംതിട്ട ജില്ലയിൽനിന്നുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നാലും പിടിച്ചെടുത്ത് ഇടതുമുന്നണി കരുത്തുകാട്ടി.എന്നാൽ ആ സാഹചര്യം നിലവിലില്ല.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 243 കേസുകളിൽ കൂടി പ്രതി ചേർക്കപ്പെട്ട സാഹചര്യത്തിൽ കെ. സുരേന്ദ്രൻ ഈ വിഷയത്തെ കേന്ദ്രീകരിച്ച് തന്നെയാണ് പ്രചാരണം മുന്നോട്ട് കൊണ്ട് പോകുന്നത്. വൈകാരിക വിഷയമെന്ന നിലയിൽ ഇത് വോട്ടായി മാറുമെന്ന പ്രതീക്ഷയും ബി.ജെ.പി ക്കുണ്ട്. എന്നാൽ ശബരിമല വിഷയത്തിൽ എൻ.എസ്.എസി ൻ്റെ പുതിയ നിലപാട് ബി.ജെ.പി ക്ക് തിരിച്ചടിയാകും.