LiveTV

Live

Kerala

ഡബ്ബിങ് ആര്‍ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

1992ല്‍ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിന് ശബ്ദം നല്‍കിയതിലൂടെ സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡിന് അര്‍ഹയായിരുന്നു.

ഡബ്ബിങ് ആര്‍ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 62 വയസായിരുന്നു. മൂവായിരത്തിലധികം ചിത്രങ്ങളിൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റായും നടിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് ആനന്ദവല്ലിയെ പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. കുട്ടിക്കാലം മുതൽ നാടകങ്ങളിൽ പാടിയും അഭിനയിച്ചുമാണ് കൊല്ലം വെളിയം സ്വദേശിനിയായ ആനന്ദവല്ലിയുടെ കലാജീവിതം തുടങ്ങിയത്. 1973ൽ ഏണിപ്പടികൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി. 74ൽ ദേവി കന്യാകുമാരി എന്ന സിനിമയിൽ രാജശ്രീക്ക് ശബ്ദം നൽകി കൊണ്ടാണ് ഡബ്ബിങ്ങ് മേഖലയിലേക്ക് കടക്കുന്നത്. പിന്നീടിങ്ങോട്ട് മലയാള സിനിമയിലെ മുൻനിര നായികമാർക്കെല്ലാം ശബ്ദം നൽകി.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പൂർണിമ ജയറാം, തൂവാനത്തുമ്പികളിൽ സുമലത, ഒരു വടക്കൻ വീരഗാഥയിൽ ഗീത, അങ്ങനെ നീളും ലിസ്റ്റ്. 1992ൽ ആധാരം എന്ന ചിത്രത്തിൽ ഗീതക്ക് ശബ്ദം നൽകിയതിന് സംസ്ഥാനം ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചു. 2002ൽ മഴത്തുള്ളിക്കിലുക്കത്തിൽ ശാരദയ്ക്ക് വേണ്ടിയാണ് അവസാനമായി ശബ്ദം നൽകിയത്. സീരിയലുകൾക്കു വേണ്ടിയും ഡബ്ബ് ചെയ്തിട്ടുണ്ട്. ആൾ ഇന്ത്യ റേഡിയോയിൽ അനൗൺസറായും പ്രവർത്തിച്ചു.