LiveTV

Live

Kerala

തെരഞ്ഞെടുപ്പിനിടെ സര്‍ക്കാരിന് തിരിച്ചടിയായി പ്രളയം സംബന്ധിച്ച അമികസ് ക്യൂറി റിപ്പോര്‍ട്ട് 

ഡാം മാനേജ്മെന്‍റിലെ പ്രശ്നമാണ് പ്രളയ കാരണമെന്നായിരുന്നു പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നത്.

തെരഞ്ഞെടുപ്പിനിടെ സര്‍ക്കാരിന് തിരിച്ചടിയായി പ്രളയം സംബന്ധിച്ച അമികസ് ക്യൂറി റിപ്പോര്‍ട്ട് 

മഹാപ്രളയം സംബന്ധിച്ച അമികസ് ക്യൂറി റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന് രാഷ്ട്രീയ നേട്ടവും സര്‍ക്കാരിന് തലവേദനയും ആകും. ഡാം മാനേജ്മെന്‍റിലെ പ്രശ്നമാണ് പ്രളയ കാരണമെന്നായിരുന്നു പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് വന്ന റിപ്പോര്‍ട്ടിനെ എങ്ങനെ നേരിടുമെന്ന ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍.

കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന് സര്‍ക്കാര്‍ വീഴ്ചകളും കാരണമായിട്ടുണ്ടെന്ന് പ്രതിപക്ഷം പ്രളയകാലത്ത് തന്നെ വിമര്‍ശിച്ചിരുന്നു. ഡാം മാനേജ്മെന്‍റില്‍ വന്ന പിഴവും മുന്നറിയിപ്പ് നല്‍കിയതിലെ അപാകതകളും ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ വാദം ശരിവെച്ച് അമികസ് ക്യൂറി റിപ്പോര്‍ട്ട് വരുമ്പോള്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന നിലപാടിലാണ് പ്രതിപക്ഷം.

പ്രതിപക്ഷ വാദത്തെയും ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യത്തെയും തള്ളിക്കളഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുകയാണ്. വ്യക്തതയുള്ള വിശദീകരണവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല.

റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിന് വലിയ തിരച്ചടിയുണ്ടാക്കും. ഡാം മാനേജ്മെ‍ന്റ് സംബന്ധിച്ച രേഖകള്‍ അമികസ് ക്യൂറി ശേഖരിച്ചില്ലെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. അമിക്കസ് ക്യൂറി ഹിയറിങ് നടത്തിയില്ലെന്നും ചെയര്‍മാന്‍ എന്‍.എസ് പിള്ള പറഞ്ഞു.