LiveTV

Live

Kerala

യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ കുറ്റം സമ്മതിച്ചു

കൊല്ലം ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കുറ്റം സമ്മതിച്ചു. തുഷാരയെ മര്‍ദിച്ചിരുന്നതായി ഭര്‍ത്താവ് ചന്തുലാല്‍ പൊലീസിന് മൊഴി നല്‍കി.

യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ കുറ്റം സമ്മതിച്ചു

കൊല്ലം ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കുറ്റം സമ്മതിച്ചു. തുഷാരയെ മർദ്ദിച്ചിരുന്നതായി ഭർത്താവ് ചന്തുലാൽ പൊലീസിന് മൊഴി നൽകി. ന്യൂമോണിയ ബാധിച്ച തുഷാരക്ക് മതിയായ ചികിത്സ നല്‍കിയിരുന്നില്ലെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. നാല് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഓയൂരിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും.

ഇന്ന് കസ്റ്റഡിയില്‍ ലഭിച്ച തുഷാരയുടെ ഭർത്താവ് ചന്തുലാൽ, ഭർതൃമാതാവ് ഗീതാലാൽ എന്നിവര്‍ പൊലീസിന്റെ ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റം സമ്മതിച്ചത്. സ്ത്രീധനത്തുക ലഭിക്കാത്തതിന്റെ പേരില്‍ തുഷാരയെ ക്രൂരമായി മർദ്ദിച്ചിരുന്നതായും ചന്തുലാൽ പൊലീസിനോട് പറഞ്ഞു. അതേസമയം ന്യൂമോണിയ ബാധിച്ച് അവശയായിട്ടും തുഷാരയെ ആശുപത്രിയിൽ കൊണ്ടു പോകാത്തതിനു കാരണം പ്രതികൾ പറഞ്ഞില്ല.

ചന്തുലാലും അമ്മ ഗീതാലാലും വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുഷാരയെ ആശുപത്രിയിൽ കൊണ്ടുപോകാത്തത് മന്ത്രവാദം കാരണമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തുഷാരയുടെ കൊലപാതകം ആസൂത്രിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.

കഴിഞ്ഞ മാസം 21നാണ് കരുനാഗപ്പള്ളി സ്വദേശിനി തുഷാര കൊല്ലം ജില്ലാ ആശുപത്രിയിൽ വെച്ച് മരിച്ചത്. പോഷകാഹാരക്കുറവ് മൂലം ന്യൂമോണിയ ബാധിച്ചാണ് തുഷാര മരിച്ചതെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ട് കുട്ടികളുടെ മാതാവായ 27 കാരിയായ തുഷാര മരിക്കുമ്പോള്‍ 20 കിലോയില്‍ താഴെ മാത്രമായിരുന്നു തൂക്കം. സംഭവത്തിൽ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും പൊലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.