LiveTV

Live

Kerala

ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍‌ വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിലേക്ക്

മാര്‍ച്ച് 19ന് കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്‍ തുടര്‍നടപടികള്‍ നീണ്ടു പോകുന്നതില്‍ കോട്ടയം എസ്.പിയെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു

ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍‌ വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിലേക്ക്

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് എതിരായ ലൈംഗിക പീഡന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍‌ വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ വീണ്ടും സമരത്തിലേക്ക്. സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഈ മാസം ആറിന് പ്രഖ്യാപിക്കും. ഇന്നലെ കൊച്ചിയില്‍ നടന്ന എസ്.ഒ.എസ് യോഗത്തിലാണ് സമരം പുനാരംഭിക്കാന്‍ തീരുമാനമായത്.

കന്യാസ്ത്രീയുടെ പരാതിയെ തുടര്‍ന്ന് മൂന്ന് മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് ജലന്തര്‍ അതിരൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കഴിഞ്ഞ സെപ്തംബര്‍ 21ന് അറസ്റ്റ് ചെയ്ത പ്രതിക്കെതിരായി നാളിതുവരെയും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. പ്രതിയുടെ അറസ്റ്റ് നടന്ന് മാസങ്ങള്‍ പിന്നിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത നടപടില്‍ പ്രതിഷേധിച്ചാണ് എസ്.ഒ.എസ് വീണ്ടും സമരം പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മാര്‍ച്ച് 19ന് കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്‍ തുടര്‍നടപടികള്‍ നീണ്ടു പോകുന്നതില്‍ കോട്ടയം എസ്.പിയെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനിടെ കേസില്‍ മൊഴി നല്‍കിയവരും സമരത്തില്‍ പങ്കെടുത്തതുമായ കന്യാസ്ത്രീകള്‍ക്ക് നേരെ സഭയുടെ ഭാഗത്ത് നിന്ന് പ്രതികാര നടപടികള്‍ ആരംഭിച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ കൂടെ കണക്കിലെടുത്താണ് വീണ്ടും സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നെതെന്ന് എസ്.ഒ.എസ് ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

കേസില്‍ നിര്‍ണ്ണായക മൊഴികള്‍ നല്‍കിയ സിസ്റ്റര്‍ ലിസി വടക്കേല്‍, സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ എന്നിവര്‍ക്കെതിരായ പ്രതികാര നടപടികള്‍ തുടര്‍ന്നാല്‍ ആലുവ എഫ്.സി.സി ജനറല്‍ മുന്നില്‍ പ്രത്യക്ഷ സമര പരിപാടികള്‍ നടത്താനും എസ്.ഒ.എസ് .തീരുമാനിച്ചിട്ടുണ്ട്.