LiveTV

Live

Kerala

ജലീലിനെതിരായ ബന്ധു നിയമന പരാതി: സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിന് ഹൈക്കോടതി നിര്‍ദേശം

അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന നടപടി ഉണ്ടായിട്ടുണ്ടോ എന്നും നിയമിക്കപ്പെട്ടയാൾ അനധികൃതമായി ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടോ എന്നതും സംബന്ധിച്ച് ഹരജിക്കാരന്‍ വിശദീകരിക്കാനും കോടതി..

ജലീലിനെതിരായ ബന്ധു നിയമന പരാതി: സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിന് ഹൈക്കോടതി നിര്‍ദേശം

മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധു നിയമന പരാതിയിൽ സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിന് ഹൈക്കോടതി നിര്‍ദേശം. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ ഹരജിയിലാണ് കോടതി നടപടി. ന്യൂനപക്ഷ ക്ഷേമ കോർപ്പറഷേനിലെ ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്താൻ വിജിലന്‍സിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് പി.കെ ഫിറോസ് ഹരജി നൽകിയത്.

നിയമങ്ങളും, ചട്ടങ്ങളും മറികടന്ന് മന്ത്രിയുടെ സഹോദര പുത്രൻ കെ.ടി അദീബിനെ ന്യൂനപക്ഷ ക്ഷേമ കേർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ നിയമിച്ചു. ഇത് സംബന്ധിച്ച് വിജിലൻസിനു പരാതി നൽകിയെങ്കിലും തുടരന്വേഷണം ആവശ്യമില്ലെന്ന് തീരുമാനിച്ച് പരാതി തീർപ്പാക്കിയെന്നുമായിരുന്നു ഹരജിയിലെ ആരോപണം. തുടര്‍ന്നാണ് പരാതിയില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. യോഗ്യതാ മാനദണ്ഡത്തിൽ ഭേദഗതി ചെയ്തപ്പോഴും നിയമനം നടത്തിയപ്പോഴും ആരെങ്കിലും നിയമപരമായി ചോദ്യം ചെയ്തിരുന്നോ എന്നും ഹരജിക്കാരനോട് കോടതി ചോദിച്ചു.

അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന നടപടി ഉണ്ടായിട്ടുണ്ടോ എന്നും നിയമിക്കപ്പെട്ടയാൾ അനധികൃതമായി ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടോ എന്നതും സംബന്ധിച്ച് ഹരജിക്കാരന്‍ വിശദീകരിക്കാനും കോടതി നിര്‍ദേശിച്ചു. കേസ് മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി.