LiveTV

Live

Kerala

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ‘ഓപ്പറേഷന്‍ പീ ഹണ്ട്’; 12 പേര്‍ അറസ്റ്റില്‍

16 പേര്‍ക്കെതിരെ കേസെടുത്തു. ഓപ്പറേഷന്‍ പീ ഹണ്ട് എന്ന പേരിലാണ് അന്വേഷണം.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ‘ഓപ്പറേഷന്‍ പീ ഹണ്ട്’;  12 പേര്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നപടിയുമായി പൊലീസ്. സംസ്ഥാന വ്യാപകമായി റെയിഡ് ആരംഭിച്ചു. ഓപ്പറേഷന്‍ പി ഹണ്ടില്‍ ഇതുവരെ 12 പേര്‍ പിടിയിലായി. ചിത്രങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് ഇന്‍റര്‍പോള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

സൈബര്‍ ഡോമിന്‍റെയും ഹൈടെക് സെല്ലിന്‍റെയും കീഴില്‍ കേരള പൊലീസിന്‍റെ ചെല്‍ഡ് സെക്ഷ്വല്‍ എക്സ്പോളോയിറ്റേഷന്‍ യൂണിറ്റാണ് ഓപ്പറേഷന്‍ പീ ഹണ്ടിന് തുടക്കമിട്ടിരിക്കുന്നത്. ഇന്നലെ രാവിലെ 9 മണിക്ക് ആരംഭിച്ച റെയിഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. 12 ജില്ലകളിലായി 84 കേന്ദ്രങ്ങള്‍ ഇതിനോടകം പൊലീസ് റെയിഡ് ചെയ്തു. 12 പേരെ അറസ്റ്റ് ചെയ്തു. 16 കേസുകളും രജിസ്റ്റര്‍ ചെയ്തു. വാട്സപ്പ് ടെലഗ്രാം എന്നിവ വഴി വീഡിയോകള്‍ പ്രചരിപ്പിച്ചവര്‍, ഡൌണ്‍ലോഡ് ചെയ്തവര്‍, അപ്ലോഡ് ചെയ്തവര്‍ എന്നിവരാണ് പിടിയിലായത്. നിരവധി ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

ജില്ലാ പൊലീസ് മേധാവിമാരാണ് റെയിഡിന് നേതൃത്വം നല്‍കുന്നത്. പൊലീസിന്‍റെ ഷാഡോ ടീമും സെബര്‍ സെല്ലും റെയിഡിന് സഹായം നല്‍കുന്നുണ്ട്. പ്രായപൂര്‍ത്തികാത്ത കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടക്കം സംസ്ഥാനത്ത് വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ സംസ്ഥാന പൊലീസ് മേധാവി സി.എസ്.ഇക്ക് രൂപം നല്‍കിയത്. ഇന്‍റര്‍പോളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന സി.എസ്.ഇയില്‍ വിദേശ പരിശീലനം ലഭിച്ച സേനാംഗങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.