LiveTV

Live

Kerala

ആനമുടിചോല ദേശീയോദ്യാനത്തിന് സമീപം വന്‍ കാട്ടുതീ

ആനമുടി ദേശീയോദ്യാനത്തിന്റെ ഭാഗമായ മന്നവൻ ചോലയ്ക്ക് സമീപത്താണ് നിലവിൽ തീ പടരുന്നത്.

ആനമുടിചോല ദേശീയോദ്യാനത്തിന് സമീപം വന്‍ കാട്ടുതീ

ഇടുക്കി ആനമുടിചോല ദേശീയോദ്യാനത്തിന് സമീപം വന്‍ കാട്ടുതീ. മൂന്ന് ദിവസത്തിനിടെ 50 ഹെക്ടറോളം ഭൂമിയിലെ മരങ്ങളും, ജൈവ വൈവിധ്യവും കത്തിനശിച്ചു. തീ പടരുന്നത് വന്യമൃഗങ്ങൾക്കും ഭീഷണിയാണ്. ആനമുടി ദേശീയോദ്യാനത്തിന്റെ ഭാഗമായ മന്നവൻ ചോലയ്ക്ക് സമീപത്താണ് നിലവിൽ തീ പടരുന്നത്. വെള്ളിയാഴ്ച രാവിലെ വട്ടവട പഴത്തോട്ടത്തിലെ സ്വകാര്യ പുരയിടത്തിലാണ് ആദ്യം തീ പിടിച്ചത്. നിമിഷങ്ങൾക്കകം തീ പ്രദേശമാകെ പടർന്ന് വൻ കാട്ടുതീയായി മാറി. അമ്പത് ഹെക്ടറോളം ഭൂമിയിലെ മരങ്ങളാണ് ഇതിനകം കത്തിനശിച്ചത്.

അഗ്നിശമന സേനയ്ക്ക് ഉൾപ്പെടെ എത്തിച്ചേരാൻ കഴിയാത്ത മേഖലയായതിനാൽ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. ഫയർ ബ്രേക്ക് ഉൾപ്പെടെ ഒരുക്കി കാട്ടുതീ ദേശീയോദ്യാനത്തിലേക്ക് പടരുന്നത് തടയാനാണ് വനം വകുപ്പിന്റെ ശ്രമം. വനപാലകരും ട്രൈബൽ വാച്ചർമാരുമടക്കം അമ്പതിലധികം പേരാണ് ഇതിനായുള്ളത്. നാട്ടുകാരുടെ സഹായവും വനം വകുപ്പ് തേടിയിട്ടുണ്ട്. പ്രദേശത്തു നിന്ന് ആളുകളെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു. കാട്ടുതീ സംബന്ധിച്ച് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.