LiveTV

Live

Kerala

‘’ഞങ്ങളിവിടെത്തന്നെയുണ്ട്, ഈ അമ്മത്തൊട്ടിലില്‍; മരണത്തിന് മാത്രമേ ഇനി എന്നെയും വാവാച്ചിയെയും വേര്‍പിരിക്കാനാവൂ...’’

രാഗിണിയെ ഓര്‍മയില്ലേ, കുമളിയില്‍ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദ്ദിച്ച് മൃതപ്രായനാക്കിയ നാലര വയസ്സുകാരന്‍ ഷഫീഖിന് അമ്മയുടെ ചൂട് പകര്‍ന്നുനല്‍കിയവള്‍.... 

‘’ഞങ്ങളിവിടെത്തന്നെയുണ്ട്, ഈ അമ്മത്തൊട്ടിലില്‍; മരണത്തിന് മാത്രമേ ഇനി എന്നെയും വാവാച്ചിയെയും വേര്‍പിരിക്കാനാവൂ...’’
രാഗിണിയെയും ഷഫീഖിനെയും ഓര്‍മയില്ലേ... തൊടുപുഴയിലെ ആ ഏഴുവയസ്സുകാരന്‍റെ വാര്‍ത്ത മനസ്സില്‍ നിന്ന് മാറാത്തവരെല്ലാം രാഗിണിയെയും ഷഫീഖിനെയും ഓര്‍ക്കുന്നുണ്ടാകും. അഞ്ചുവര്‍ഷം മുമ്പ് കുമളിയിലെ ഷഫീഖും നേരിട്ടത് സമാനമായ പീഡനമാണ്... അന്ന് ആ നാലരവയസ്സുകാരനെ മര്‍ദ്ദിച്ച് മൃതപ്രായനാക്കിയത് പിതാവും രണ്ടാനമ്മയും ചേര്‍ന്നാണ്. കട്ടപ്പനയിലെയും വെല്ലൂരിലെയും ചികിത്സയ്ക്ക് ശേഷമാണ് ഷഫീഖിനെ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത്. ഷഫീഖിനെ സംരക്ഷിക്കാനായി ഒരു ആയയായി ശമ്പളം നിശ്ചയിച്ചാണ് സര്‍ക്കാര്‍ രാഗിണിയെ നിയമിക്കുന്നത്.. അതൊന്നും ലഭിച്ചില്ലെങ്കിലും രാഗിണിയിന്ന് മകനുവേണ്ടി മാത്രം ജീവിക്കുന്ന ഒരമ്മയാണ്.. അവരുടെ വാക്കുകളില്‍ മുഴുവന്‍ നിറയുന്നത് മകനോടുള്ള സ്നേഹം മാത്രമാണ്...
‘’ഞങ്ങളിവിടെത്തന്നെയുണ്ട്, ഈ അമ്മത്തൊട്ടിലില്‍; മരണത്തിന് മാത്രമേ ഇനി എന്നെയും വാവാച്ചിയെയും വേര്‍പിരിക്കാനാവൂ...’’

തൊടുപുഴയിലെ ഏഴുവയസ്സുകാരന്‍റെ അവസ്ഥ അറിഞ്ഞപ്പോഴാണ്, വീണ്ടും ഒന്ന് രാഗിണിയെ തേടി ചെന്നത്. എന്തെങ്കിലും തിരക്കിലാണോ എന്നായിരുന്നു ആദ്യം ചോദിച്ചത്.

‘’വാവയ്ക്ക് ചിക്കന്‍ കറി വെക്കുക’’യാണെന്ന് അവരുടെ മറുപടി

വാവച്ചി ഇപ്പോഴും കൂടെത്തന്നെയുണ്ടല്ലേ എന്ന് അറിയാതെ ചോദിച്ചുപോയി..

‘’പിന്നേ, ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് ജീവിച്ച് ഒന്നിച്ച് മരിക്കാനുള്ളവരല്ലേ. എന്‍റെ കൊച്ചിനെ ഞാന്‍ ആര്‍ക്കും കൊടുക്കത്തില്ല.. എന്‍റെ കൊച്ചും എന്നെയും ആര്‍ക്കും കൊടുക്കത്തുമില്ല. എന്‍റെ വാവച്ചി, എന്നെക്കൊണ്ട് ഞാന്‍ അവന്‍റെ അമ്മയല്ല, എന്നെ വേണ്ടാ എന്ന് പറയുന്ന കാലം വരെ ഞാന്‍ അവന്‍റെ കൂടെയുണ്ടാകും. ഒരൊറ്റ പ്രാര്‍ത്ഥന മാത്രമേ എനിക്കുള്ളൂ... ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിച്ച് ഒരുമിച്ച് മരിക്കണം.

ഞങ്ങളിപ്പോഴും ഇവിടെത്തന്നെയുണ്ട്... അല്‍അസ്ഹര്‍ മെഡിക്കല്‍ കോളേജിലെ ഈ അമ്മത്താരാട്ടില്‍... രണ്ടു മുറിയാണ് ഇവിടെയുള്ളത്. എല്ലാ സൌകര്യങ്ങളുമുണ്ട്.’’

ഷഫീഖിന്‍റെ ബന്ധുക്കളാരെങ്കിലും വരാറുണ്ടോ?

അങ്ങനെയാരെങ്കിലും വന്നാ അപ്പോ ഞാന്‍ തുണിയും പെറുക്കിപ്പോകും. കൂടെ എന്‍റെ കൊച്ചുമുണ്ടാകും.. എന്‍റെ കൊച്ച് എന്‍റെ കൊച്ചാണ്... അവന് അവകാശവും പറഞ്ഞ് ഇനി ആരും വരണ്ട..

രാഗിണിക്കും ഷഫീഖിനും വീടെടുത്ത് നല്‍കണമെന്ന തീരുമാനമൊക്കെ വന്നിരുന്നുവെങ്കിലും, കുഞ്ഞിനെയും കൊണ്ട് തനിച്ച് താമസിക്കുന്നതില്‍ രാഗിണിക്കും താത്‍പര്യമില്ല.

‘’സര്‍ക്കാര്‍ വീടുവെച്ച് നല്‍കിയാലും ഞാനും കൊച്ചും എങ്ങനെയാ തനിച്ച് താമസിക്കുക. അവനെ ഒന്ന് കുളിപ്പിക്കണമെങ്കിലോ, എഴുന്നേറ്റ് വീല്‍ച്ചെയറിലിരുത്തണമെങ്കിലോ എനിക്ക് ഒറ്റയ്ക്ക് കഴിയില്ല. അവനെ വ്യായാമം ചെയ്യിക്കേണ്ടതുണ്ട്.. ഇവിടെ എനിക്ക് സഹായത്തിന് അറ്റന്‍ഡര്‍മാരും ക്ലീനിംഗ് സ്റ്റാഫുകളുമുണ്ടാകും. അവന്‍ കുഞ്ഞായിരുന്നപ്പോള്‍ സിസ്റ്റര്‍മാര്‍ മതിയായിരുന്നു. ഇപ്പോള്‍ അങ്ങനെ പറ്റുന്നില്ല. അവനെ കുളിപ്പിച്ച് കഴിയുന്നതുവരെ അറ്റന്‍ഡര്‍മാര്‍ കൂടെ നില്‍ക്കും. കുളിപ്പിച്ച് കഴിഞ്ഞ് തിരികെ കട്ടിലിലേക്ക് എടുത്ത് കിടത്തി കഴിഞ്ഞേ അവര് തിരിച്ചുപോകുകയുള്ളൂ... അവരെ ഒന്ന് വിളിച്ചാമതി... അവനെ കുളിപ്പിക്കാനായാലും അപ്പിയിടീക്കാനായും... അവന് ഡയപ്പര്‍ ഉപയോഗിക്കുന്ന ശീലം ഞാന്‍ വെല്ലൂരില്‍വെച്ച് കളഞ്ഞതാണ്. മരുന്നുവെച്ചാണ് അവനെ ഇപ്പോഴും അപ്പിയിടീക്കുന്നത്. അതോണ്ട് അവന് അപ്പിയിടാനുണ്ടെങ്കില്‍ അവന്‍റെ മുഖഭാവം കണ്ടാല്‍ തന്നെ എനിക്കറിയാന്‍ സാധിക്കും. പക്ഷേ മൂത്രമൊഴിക്കാനുണ്ടെങ്കില്‍ ഇപ്പോഴും പറയില്ല.. ഒഴിച്ചിട്ട് പറയും, എന്നോട് നനഞ്ഞു, മാറ്റിക്കൊടുക്കണമെന്ന്....’’

‘’ഞങ്ങളിവിടെത്തന്നെയുണ്ട്, ഈ അമ്മത്തൊട്ടിലില്‍; മരണത്തിന് മാത്രമേ ഇനി എന്നെയും വാവാച്ചിയെയും വേര്‍പിരിക്കാനാവൂ...’’

നടക്കാനൊക്കെ സാധിക്കുന്നുണ്ടോ?

‘’ഇല്ലയില്ല... പിടിച്ചൊക്കെ തന്നെ... പണ്ടത്തെപ്പോലെതന്നെ. നേരത്തെ ചെരിഞ്ഞൊക്കെ വീഴുമായിരുന്നു. ഇപ്പോ അങ്ങനെയില്ല... വീല്‍ച്ചെയറിലൊക്കെ ഇരുത്തിയാല്‍ ഇപ്പോള്‍ അവനിരിക്കും.. ഇപ്പോ അവന് പത്തുവയസ്സുകഴിഞ്ഞു. ചിലപ്പോള്‍ നല്ലതുപോലെ വര്‍ത്തമാനം പറയും.. പക്ഷേ പറയുന്നത് അത്രയ്ക്കങ്ങോട്ട് ക്ലിയറായിട്ടില്ല.. ഞാന്‍ പറയുന്നതൊക്കെ അവന് മനസ്സിലാകുന്നുണ്ട്. കാര്യപ്രാപ്തിയൊക്കെ ഇച്ചിരിവെച്ചിട്ടുണ്ട്. ഇരിക്ക്, പിടിച്ചിരിക്ക് എന്നൊക്കെ ഞാന്‍ പറഞ്ഞാല്‍ അതുപോലെ ചെയ്തോളും. സുമുഖനും സുന്ദരനുമാണ് എന്‍റെ മോനിപ്പോള്‍...’’

‘’ഫോണൊക്കെ വന്നാല്‍ അവന്‍ എന്നോട് ചോദിക്കും, ആരാ വിളിച്ചേ, എന്തിനാ എന്നോട് ചോദിക്കാതെ ഫോണെടുത്തേ എന്നൊക്കെ... ഒരു ഫോണ്‍ വന്നാല്‍ അവനോട് ചോദിക്കണം ഞാന്‍, ഞാനീ ഫോണ്‍ എടുത്തോട്ടെ വാവച്ചി എന്ന്. ചിലപ്പോള്‍ പറയും ആ ഫോണൊന്ന് ഇങ്ങോട്ട് തന്നെ... ഞാനൊന്ന് സംസാരിക്കട്ടെ. ആരാണെന്ന് നോക്കട്ടെ എന്നൊക്കെ... ചിലപ്പോള്‍ ഫോണ്‍ വന്നാല്‍ ഞാന്‍ പുറത്തേക്കെങ്ങാനും ഒന്നിറങ്ങിയാല്‍, വിളിക്കും, കുറേനേരമായി സംസാരം തുടങ്ങിയിട്ട്. നീയൊന്ന് കേറിവരുന്നുണ്ടോ അമ്മേ എന്നൊക്കെയാണ് പറയുക..’’

‘’ഞങ്ങളിവിടെത്തന്നെയുണ്ട്, ഈ അമ്മത്തൊട്ടിലില്‍; മരണത്തിന് മാത്രമേ ഇനി എന്നെയും വാവാച്ചിയെയും വേര്‍പിരിക്കാനാവൂ...’’

വര്‍ഷത്തിലൊരിക്കലേ രാഗിണി സ്വന്തം വീട്ടില്‍ പോകാറുള്ളൂ.. അതും വാവാച്ചിയെയും കൊണ്ട്...

‘’പോയാലും രണ്ട് മണിക്കൂറൊക്കെയേ അപ്പന്‍റെയും അമ്മയുടെയും കൂടെ നില്‍ക്കാന്‍ സാധിക്കാറുള്ളൂ.. കൂടെ സിസ്റ്റര്‍മാരും ഡോക്ടര്‍മാരും ഒക്കെ വരും. ഒരു ഓളമുണ്ടാക്കാതെ ആരെയും അറിയിക്കാതെ പോയി വരും, രഹസ്യമായിട്ട്. എന്‍റെ അപ്പനും അമ്മയും പ്രായമായിരിക്കുകയാണ്.. എന്നെ കാണാന്‍ കഴിയാത്ത വിഷമം അവര്‍ക്കുണ്ട്.. ആ വിഷമം മാത്രമേ എനിക്കുമുള്ളൂ. ബാക്കിയെല്ലാം എനിക്ക് എന്‍റെ വാവാച്ചിയാണ്.

ചിലപ്പോള്‍ ഞങ്ങളുടെ എം.ഡിയുടെ വീട്ടില്‍ കൊണ്ടുപോയി നിര്‍ത്താറുണ്ട് വാവാച്ചിയെ. എം.ഡിയുടെ ഭാര്യ അവന് ഉമ്മയാണ്.. അദ്ദേഹത്തിന്‍റെ ഉമ്മ അവന് ഉമ്മച്ചിയും. അവിടെ അദ്ദേഹത്തിന്‍റെ പിള്ളാരുണ്ട്... ഇവിടെ ഹോസ്പിറ്റലിലുള്ളതുപോലെ അവിടെയും ബെഡ്ഡൊക്കെയുണ്ട്. ചിലപ്പോള്‍ ചെയര്‍മാന്‍റെ വീട്ടിലും ഡോക്ടറുടെ വീട്ടിലും ഒക്കെ കൊണ്ടുപോകാറുണ്ട്.. അല്‍ അസ്ഹറില്‍ വന്നതുകൊണ്ട് ഞങ്ങള്‍ രക്ഷപ്പെട്ടു. ഞങ്ങളെ തമ്മില്‍ ഒരിക്കലും ഈ മാനേജ്‍മെന്‍റ് പിരിക്കുകയില്ല. അതെനിക്കുറപ്പാണ്. പ്രാര്‍ത്ഥിക്കണം എല്ലാവരും ഞങ്ങള്‍ക്കു വേണ്ടി.. എന്നും ഞങ്ങള്‍ ഒരുമിച്ചുണ്ടാകാന്‍.. മരിക്കുമ്പോഴും ഒരുമിച്ചാകാന്‍....’’

Also read: തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിനിരയായ ഏഴ് വയസുകാരന്റെ നില ഗുരുതരമായി തുടരുന്നു  

Also read: ക്രൂരമര്‍ദനത്തിനിരയായ ഏഴ് വയസുകാരന്‍ ലൈംഗികമായും പീഡിപ്പിക്കപ്പെട്ടു

Also read: ഏഴ് വയസുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍; രണ്ടാനച്ഛന്‍ അറസ്റ്റില്‍