LiveTV

Live

Kerala

വയനാട് സീറ്റില്‍ അനിശ്ചിതത്വം തുടരുമ്പോഴും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ‍ വേഗം കൂട്ടി യു.ഡി.എഫ്

ഒന്നാംഘട്ട പ്രചരണ പരിപാടികള്‍ 31 ഓടെ പൂര്‍ത്തിയാക്കി ഏപ്രില്‍ ഒന്നു മുതല്‍ രണ്ടാംഘട്ട പ്രചരണത്തിലേക്കിറങ്ങും.

 വയനാട് സീറ്റില്‍ അനിശ്ചിതത്വം തുടരുമ്പോഴും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ‍ വേഗം കൂട്ടി യു.ഡി.എഫ്

വയനാട് സീറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുമ്പോഴും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ‍ വേഗം കൂട്ടി യു.ഡി.എഫ്. ഒന്നാം ഘട്ട പ്രചരണ പരിപാടികള്‍ 31 ഓടെ പൂര്‍ത്തിയാക്കി ഏപ്രില്‍ ഒന്നു മുതല്‍ രണ്ടാംഘട്ട പ്രചരണത്തിലേക്കിറങ്ങും. വിവിധ ജില്ലകളിലുള്ള സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍ക്ക് കെ.പി.സി.സി ചുമതല നല്‍കി.

സ്ഥാനാര്‍ഥി നിര്‍ണയം വൈകിയതിനാല്‍ തെരഞ്ഞെടുപ്പ് പ്രചരണവും വൈകിയാണ് കോണ്‍ഗ്രസും യു.ഡി.എഫും തുടങ്ങിയത്. പാര്‍ലമെന്റ് മണ്ഡലം മുതല്‍ ബൂത്ത് തലം വരെയുള്ള കണ്‍വെന്‍ഷനുകളും ആദ്യ ഘട്ട സ്ക്വാഡ് പ്രവര്‍ത്തനങ്ങളുമാണ് ആദ്യഘട്ട പ്രചരണ പരിപാടി. വയനാട് ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും നാളെയോടെ ഈ ആദ്യഘട്ടം പിന്നിടും.

കാസര്‍കോട് ഉള്‍പ്പെടെ ഏതാനും ജില്ലകളില്‍ കോണ്‍ഗ്രസിന് സംഘടനാപരമായ പ്രശ്നങ്ങളുണ്ട്. ഇത് പരിഹരിക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ ജനറല്‍ സെക്രട്ടറിമാരെ നിയോഗിച്ചു. നേതാക്കള്‍ ക്യാമ്പ് ചെയ്ത് പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു. പ്രാദേശികമായ മറ്റു പ്രശ്നങ്ങള്‍ പരിഹരിക്കാനും വിവിധ വിഭാഗങ്ങളുടെ നേതാക്കളെ കാണാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എല്ലാ മണ്ഡലങ്ങളിലുമെത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള യോഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വിളിച്ചു ചേര്‍ക്കും. ഉമ്മന്‍ചാണ്ടിയും എല്ലാ മണ്ഡലങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സന്ദര്‍ശനങ്ങളും വരു ദിവസങ്ങളില്‍ തീരുമാനമാകും. എ.കെ ആന്റണിയും കെ.സി വേണുഗോപാലും സംസ്ഥാനത്ത് പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.