LiveTV

Live

Kerala

കര്‍ഷക വായ്പകള്‍ക്ക് മൊറട്ടോറിയം; സര്‍ക്കാര്‍ അപേക്ഷ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും

സര്‍ക്കാറിന്റെ വിശദീകരണം തൃപ്തികരമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

കര്‍ഷക വായ്പകള്‍ക്ക് മൊറട്ടോറിയം; സര്‍ക്കാര്‍ അപേക്ഷ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും

കര്‍ഷക വായ്പകള്‍ക്കുള്ള മോറട്ടോറിയം നീട്ടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഉത്തരവിറക്കേണ്ട അടിയന്തിര സാഹചര്യം സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അപേക്ഷ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും ടിക്കാറാം മീണ മീഡിയവണ്ണിനോട് പറഞ്ഞു.

കാര്‍ഷിക വായ്പകള്‍ക്കും, കര്‍ഷകരുടെ കാര്‍ഷികേതര വായ്പകള്‍ക്കും ഡിസംബര്‍ 31വരെ മോറട്ടോറിയം പ്രഖ്യാപിക്കാന്‍ മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനമെടുത്തെങ്കിലും ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നില്ല. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പിന്നീട് ഉത്തരവിറക്കാനും സാധിച്ചില്ല.

ഇതിന് ശേഷം ഉത്തരവിറക്കാന്‍ അനുമതി തേടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഫയല്‍ മടക്കി. ഉത്തരവിറക്കേണ്ട അടിയന്തിര സാഹചര്യം സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ലെന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിശദീകരണം നല്‍കി. ഇത് തൃപ്തികരമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ മീഡിയവണ്ണിനോട് പറഞ്ഞു.

തുടര്‍ച്ചയായ കര്‍ഷക ആത്മഹത്യകളും കര്‍ഷകരുടെ ദുരിതവും പരിഗണിച്ച് മോറട്ടോറിയം നീട്ടി ഉത്തരവിറക്കാന്‍ അനുമതി നല്‍കണമെന്നാണ് സര്‍ക്കാര്‍ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ മോറട്ടോറിയം നീട്ടികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.