LiveTV

Live

Kerala

കോട്ടയത്ത് റബ്ബര്‍ കര്‍ഷകരുടെ വോട്ട് ആര്‍ക്ക്?

സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി വിഷയങ്ങൾ ചർച്ച ആകുമെങ്കിലും എല്ലാത്തവണയും കോട്ടയം മണ്ഡലത്തിൽ പ്രധാന ചർച്ചയാകുന്നത് റബർ തന്നെയാണ്.

കോട്ടയത്ത് റബ്ബര്‍ കര്‍ഷകരുടെ വോട്ട് ആര്‍ക്ക്?

കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ റബ്ബർ ഉല്‍പ്പാദനമുഉള്ള മണ്ഡലമാണ് കോട്ടയം. അതുകൊണ്ടുതന്നെ ഇത്തവണ കോട്ടയത്തെ തെരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാ വിഷയങ്ങളിൽ ഒന്നായി റബർ മാറിയിരിക്കുന്നു. റബർ കർഷകർക്ക് വേണ്ടി വലിയ വാഗ്‍ദാനങ്ങളാണ് സ്ഥാനാർത്ഥികൾ നല്കുന്നത്.

സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി വിഷയങ്ങൾ ചർച്ച ആകുമെങ്കിലും എല്ലാത്തവണയും കോട്ടയം മണ്ഡലത്തിൽ പ്രധാന ചർച്ചയാകുന്നത് റബർ തന്നെയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന ദുരിതത്തിലാക്കിയത് സാധാരണ റബ്ബര്‍ കര്‍ഷകരെയാണ്. വിലയിടിവും സബ്‌സിഡിയും അടക്കം വലിയ പ്രതിസന്ധിയാണ് കർഷകർ നേരിടുന്നത്. അതുകൊണ്ടുതന്നെ കർഷകർക്ക് സ്ഥാനാർഥികൾ നൽകുന്ന വാഗ്‍ദാനങ്ങളും വലുതാണ്.

സിയാൽ മോഡൽ കമ്പനി ആണ് എൽ.ഡി.എഫ് പ്രധാനമായും വാഗ്‍ദാനം ചെയ്യുന്നത്. ഒപ്പം തന്നെ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന റബറിന് വില ലഭിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും എൽ.ഡി.എഫ് സ്ഥാനാർഥി വാഗ്‍ദാനം ചെയ്യുന്നു.

വിലസ്ഥിരത പദ്ധതിയടക്കം കൊണ്ടുവന്നത് യു.ഡി.എഫിന് നേട്ടമായാണ് തോമസ് ചാഴിക്കാടൻ പറയുന്നത്. പദ്ധതി എൽ.ഡി.എഫ് സർക്കാർ അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു. ആയതിനാൽ റബർ കർഷകർക്ക് വില സ്ഥിരത ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കുമെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പറയുന്നത്.

എം.പി ആയിരുന്നപ്പോൾ പാർലമെന്‍റില്‍ അടക്കം റബർ കർഷകർക്കു വേണ്ടി നടത്തിയ പോരാട്ടങ്ങളാണ് എൻ.ഡി.എ സ്ഥാനാർഥി പി.സി തോമസ് ഉയർത്തിക്കാട്ടുന്നത്. എല്ലാക്കാലത്തും റബ്ബറിന് വേണ്ടി ശക്തമായ നിലപാടുകളാണ് താൻ സ്വീകരിച്ചതെന്നും പി.സി തോമസ് പറയുന്നു

വിലയിടിവും വിലത്തകർച്ചയും തുടരുന്ന സാഹചര്യത്തിൽ റബർ കർഷകരുടെ വോട്ട് കോട്ടയത്ത് നിർണായകമാണ്. ആയതിനാൽ ഈ വോട്ട് എവിടേക്ക് പോകുമെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.