LiveTV

Live

Kerala

കൊടും ചൂടിന് നേരിയ ശമനം

സംസ്ഥാനത്തെ ശരാശരി ഉയര്‍ന്ന താപനില ഇന്നലത്തെ അപേക്ഷിച്ച് കുറഞ്ഞു. ഇന്ന് 59 പേര്‍ക്ക് സൂര്യാതപമേറ്റു. കോട്ടയത്തും, കണ്ണൂരുമായി രണ്ട് പേര്‍ക്ക് സൂര്യാഘാതവുമുണ്ടായി...

കൊടും ചൂടിന് നേരിയ ശമനം

സംസ്ഥാനത്ത് കൊടും ചൂടിന് നേരിയ ശമനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ശരാശരി ഉയര്‍ന്ന താപനില ഇന്നലത്തെ അപേക്ഷിച്ച് കുറഞ്ഞു. ഇന്ന് 59 പേര്‍ക്ക് സൂര്യാതപമേറ്റു. കോട്ടയത്തും, കണ്ണൂരുമായി രണ്ട് പേര്‍ക്ക് സൂര്യാഘാതവുമുണ്ടായി. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ അവധിക്കാല ക്ലാസുകള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

കൊടുംചൂടിന് ഇന്ന് നേരിയ ശമനമുണ്ടെങ്കിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരംവയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം അവസാനംവരെ താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത. പാലക്കാട് ജില്ലയിലെ ശരാശരി ഉയര്‍ന്ന താപനില ഇന്ന് 38.9ഡിഗ്രി ആയി കുറഞ്ഞു. തിരുവനന്തപുരം 36.6 ഡിഗ്രി സെല്‍ഷ്യസ്, ആലപ്പുഴ 36.8, പുനലൂര്‍ 38.2, കോഴിക്കോട് 36 ഡിഗ്രി സെല്‍ഷ്യസ്.

തിരുവനന്തപുരം പാറശ്ശാലയില്‍ കര്‍ഷകന്‍ കുഴഞ്ഞു വീണ് മരിച്ചു. പാറശ്ശാല സ്വദേശി ഉണ്ണികൃഷ്ണന്‍ നായരാണ് മരിച്ചത്. പാലക്കാട് വടകരപ്പതിയില്‍ തൊഴിലുറപ്പ് തൊഴിലാളി ചിന്നമ്മാളും കുഴഞ്ഞുവീണ് മരിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ഇരു മരണങ്ങളും സൂര്യാഘാതത്തെ തുടര്‍ന്നാണോ എന്ന് സ്ഥിരീകരിക്കാനാകൂ. ഇന്ന് 59 പേര്‍ക്ക് സൂര്യാതപമേറ്റു. കോട്ടയത്തും കണ്ണൂരുമായി 2 പേര്‍ക്ക് സൂര്യാഘാതവുമുണ്ടായി. 30 പേര്‍ക്ക് അമിത ചൂടുമൂലം ശരീരത്തില്‍ ചുവന്ന പാട് വന്നു.

അവധിക്കാല ക്ലാസുകള്‍ക്ക് നിയന്ത്രണം

കടുത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ മധ്യവേനല്‍ അവധിക്കാലത്ത് വിദ്യാലയങ്ങളില്‍ ക്ലാസ്സുകള്‍ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിറക്കി. സി.ബി.എസ്.ഇ, ഐ.സി.എസ്.സി.ഇ ഉള്‍പ്പെടെയുള്ള സ്‌കൂളുകളില്‍ ഉത്തരവ് ബാധകമാണ്.

എന്നാല്‍ പരമാവധി 10 ദിവസത്തേക്ക് ക്യാമ്പുകള്‍, ശില്‍പ്പശാല തുടങ്ങിയവ സംഘടിപ്പിക്കാം. ഇതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുടെ അനുമതി വേണം. അനുമതി നല്‍കുന്ന ഓഫീസര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം, ഫാന്‍ എന്നിവ ഉറപ്പാക്കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.