LiveTV

Live

Kerala

കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; യുവതിയെ പട്ടിണിക്കിട്ട് കൊന്നു

ആവശ്യമായ പോഷകാഹാരം ലഭിക്കാതെ ന്യൂമോണിയ ബാധിച്ചാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 

 കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; യുവതിയെ പട്ടിണിക്കിട്ട് കൊന്നു

കൊല്ലം ഓയൂരിൽ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്നു. ഓയൂർ സ്വദേശിനി തുഷാരയാണ്(27) മരിച്ചത്. ഭർത്താവ് ചന്തു ലാൽ(30) , ഭർതൃമാതാവ് ഗീത ലാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആവശ്യമായ പോഷകാഹാരം ലഭിക്കാതെ ന്യൂമോണിയ ബാധിച്ചാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുമ്പോള്‍ യുവതിക്ക് 20 കിലോ മാത്രമാണ് ഭാരമുണ്ടായിരുന്നത്. കൊടിയ മർദ്ദനങ്ങൾ തുഷാരക്കേറ്റിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. 21 ന് ഉച്ചയ്ക്ക് ബോധക്ഷയം സംഭവിച്ച തുഷാരയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 2013ലായിരുന്നു തുഷാരയുടെയും ചന്തുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നു മാസമായപ്പോൾ മുതൽ രണ്ടുലക്ഷം രൂപ സ്ത്രീധനം നൽകണമെന്ന് ചന്തുലാൽ തുഷാരയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയിരുന്നില്ല. ചന്തുലാലും അമ്മയും ചേർന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു.

കഴിഞ്ഞ മാർച്ച് 21ന് അര്‍ധരാത്രിയിലാണ് തുഷാര മരിച്ചത്. മരണത്തിൽ തുഷാരയുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ അടുത്ത് തന്നെ താമസിക്കുന്ന ചന്തുലാലിന്റെ സഹോദരിക്കെതിരെയും അന്വേഷണം വേണമെന്നാണ് തുഷാരയുടെ കുടുംബത്തിന്റെ ആവശ്യം. മൂന്നും ഒന്നരയും വയസ് പ്രായമുള്ള 2 കുട്ടികളാണ് തുഷാരക്കുള്ളത്. ഇവരുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.