LiveTV

Live

Kerala

ക്രൂരമര്‍ദനത്തിനിരയായ ഏഴ് വയസുകാരന്‍ ലൈംഗികമായും പീഡിപ്പിക്കപ്പെട്ടു

പ്രതി അരുണ്‍ ആനന്ദിനെതിരെ പോക്‌സോ ചുമത്തും. അതേസമയം കുട്ടിക്ക് പൂര്‍ണ്ണമായും മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി...

ക്രൂരമര്‍ദനത്തിനിരയായ ഏഴ് വയസുകാരന്‍ ലൈംഗികമായും പീഡിപ്പിക്കപ്പെട്ടു

ഇടുക്കി തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലാക്കിയ അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിനെതിരെ പോക്‌സോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ്. ഏഴുവയസുകാരനോട് ഇയാള്‍ ലൈംഗീകാതിക്രമം നടത്തിയിരുന്നതായി തെളിഞ്ഞതായും ഇടുക്കി എസ്.പി കെ.ബി വേണുഗോപാല്‍ പറഞ്ഞു. പ്രതി അരുണിനെ രാവിലെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ കയ്യേറ്റശ്രമം നടത്തി.

ഏഴുവയസുകാരനെ നിലത്തടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്ന അമ്മയുടെ സുഹൃത്തും പ്രതിയുമായ അരുണ്‍ ആനന്ദ് കുട്ടിയെ ലൈംഗീകാതിക്രമം നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. വൈദ്യപരിശോധനയില്‍ ഇത് തെളിഞ്ഞതായും ഇടുക്കി എസ്.പി വ്യക്തമാക്കി. കുട്ടിയുടെ അച്ഛന്റെ മരണം സംബന്ധിച്ച് പ്രതിക്ക് ബന്ധമുണ്ടോയെന്ന് വേണ്ടിവന്നാല്‍ അന്വേഷിക്കും.

പ്രതി ലഹരിവസ്തുക്കള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നു. ഇയാളുടെ കാറില്‍ കണ്ടെത്തിയ മഴുവിന്റെ സാന്നിധ്യം ഉള്‍പ്പടെ അന്വേഷിക്കും. തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ചെന്നും, പ്രതി കുറ്റം സമ്മതിച്ചതായും എസ്.പി വ്യക്തമാക്കി. കുട്ടിയുടെ അമ്മയെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. പ്രതി താമസിച്ചിരുന്ന വാടകവീട്ടില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു. രോഷാകുലരായ നാട്ടുകാര്‍ പ്രതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. നാട്ടുകാരുടെ രോഷപ്രകടനത്തില്‍ നിന്ന് പണിപ്പെട്ടാണ് പ്രതിയെ പൊലീസ് തിരികെ മടക്കിയത്.

അതേസമയം കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി പറയാറായിട്ടില്ലന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം അറിയിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരണമെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി.

ഔദ്യോഗികമായി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചില്ലങ്കിലും രാവിലെ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നടത്തിയതിന് സമാനമായ അഭിപ്രായം തന്നെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിയ വിദഗ്ധരും ആവര്‍ത്തിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമാണന്നും വെന്റിലേറ്ററില്‍ കിടത്തി ചികിത്സ തുടരണമെന്നും മെഡിക്കല്‍ സംഘം വിലയിരുത്തി. കോട്ടയം മെഡിക്കല്‍ കോളജിലെ ശിശുരോഗ ന്യൂറോളജി വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് കുട്ടിയെ പരിശോധിച്ചത്.

മാരകമായി പരിക്കേറ്റ കുട്ടിയുടെ രക്തസമ്മര്‍ദ്ദത്തില്‍ അടിക്കടി മാറ്റമുണ്ടാകുന്നതും മരുന്നുകളോട് പ്രതികരിക്കാതിരിക്കുന്നതും ആശങ്കയുളവാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ ചികിത്സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടിയുടെ അവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കോട്ടയം മെഡിക്കല്‍ കോളജ് വഴി സര്‍ക്കാരിന് കൈമാറുമെന്നും വിദഗ്ധ സംഘം വ്യക്തമാക്കി.

 ഏഴ് വയസുകാരന് ക്രൂര മർദ്ദനമേറ്റ സംഭവം; പ്രതി അരുൺ ആനന്ദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
Also Read

ഏഴ് വയസുകാരന് ക്രൂര മർദ്ദനമേറ്റ സംഭവം; പ്രതി അരുൺ ആനന്ദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഏഴ് വയസുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍; രണ്ടാനച്ഛന്‍ അറസ്റ്റില്‍
Also Read

ഏഴ് വയസുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍; രണ്ടാനച്ഛന്‍ അറസ്റ്റില്‍