LiveTV

Live

Kerala

ഏഴ് വയസുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍; രണ്ടാനച്ഛന്‍ അറസ്റ്റില്‍

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്...

ഏഴ് വയസുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍; രണ്ടാനച്ഛന്‍ അറസ്റ്റില്‍

ഇടുക്കി തൊടുപുഴയില്‍ ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കുട്ടിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി തൊടുപുഴ ഡി.വൈ.എസ്.പി പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഏഴു വയസുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചതാണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കാന്‍ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സഹോദരന്‍ മൂന്നുവയസുകാരന്‍ കിടക്കയില്‍ മൂത്രം ഒഴിച്ചത് ശ്രദ്ധിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇയാള്‍ അതിക്രൂരമായി മര്‍ദിച്ചത്. കുട്ടിയെ നിലത്തെറിഞ്ഞപ്പോള്‍ കട്ടിലിനും അലമാരയ്ക്കും ഇടയില്‍ തലശക്തിയായി ഇടിച്ചാണ് തലച്ചോറില്‍ ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റത്.

മുമ്പും ഏഴുവയസുകാരനെയും ഇളയമകനെയും തന്നെയും അരുണ്‍ ആനന്ദ് മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് കുട്ടികളുടെ അമ്മ പൊലീസിന് മൊഴി നല്‍കിയതായി തൊടുപുഴ ഡി.വൈ.എസ്.പി കെ.പി ജോസ് പറഞ്ഞു. അമ്മയുടെയും, മുത്തശ്ശിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അരുണ്‍ ആനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Also read: തൊടുപുഴയില്‍ ഏഴ് വയസ്സുകാരന് ക്രൂരമർദനം; രണ്ടാനച്ഛനെതിരെ കേസെടുക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അരുണ്‍ ആനന്ദിന്റെ അറസ്റ്റ്. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കുട്ടിയുടെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി. അരുണ്‍ ആനന്ദിനെതിരെ കൊലപാതകം ഉള്‍പ്പെടെ ആറ് കേസുകള്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ അമ്മയെ അരുണ്‍ ആനന്ദ് നിയമപ്രകാരം വിവാഹം ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഒരുവര്‍ഷം മുമ്പ് മരിച്ച ഭര്‍ത്താവിന്റെ ബന്ധുവാണ് അരുണ്‍ ആനന്ദ്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.