LiveTV

Live

Kerala

മൊറട്ടോറിയം: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിലും വീഴ്ച, ഉദ്യോഗസ്ഥ നടപടിയില്‍ മന്ത്രിമാര്‍ക്ക് അതൃപ്തി

മന്ത്രിസഭാ തീരുമാനത്തിന്‍റെ ഉത്തരവിറക്കുന്നതില്‍ വീഴ്ച വരുത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഫയല്‍ അയച്ചതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി എന്നാണ് മന്ത്രിമാരുടെ വിലയിരുത്തല്‍.

 മൊറട്ടോറിയം: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിലും വീഴ്ച, ഉദ്യോഗസ്ഥ നടപടിയില്‍ മന്ത്രിമാര്‍ക്ക് അതൃപ്തി

കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടിയ ഉത്തരവിറക്കാത്തതിന് പിന്നാലെ, തെര‍ഞ്ഞെടുപ്പ് കമ്മീഷന് ഫയല്‍ അയച്ചപ്പോഴും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതില്‍ മന്ത്രിമാര്‍ക്ക് അതൃപ്തി. തെരഞ്ഞടുപ്പ് കമ്മീഷന് ഫയല്‍ അയച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന വികാരം മന്ത്രിമാര്‍ക്കുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ തന്നെ മറുപടി നല്‍കട്ടെ എന്ന നിലപാടിലാണ് മന്ത്രിമാര്‍.

കാർഷിക വായ്പകൾക്കും കർഷകരുടെ കാർഷികേതര വായ്പകൾക്കും ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാൻ മാർച്ച് 5ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. എന്നാൽ മാർച്ച് 10ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയില്ല. മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നതുകൊണ്ട് പിന്നീട് ഉത്തരവിറക്കാനും സാധിച്ചില്ല. അതിന് പിന്നാലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് ചീഫ് സെക്രട്ടറിക്ക് വിമർശനം കേൾക്കേണ്ടി വന്നു. ഉത്തരവിറക്കാൻ വൈകിയത് എന്താണെന്നും തുടർ നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ഇതോടെ ഉത്തരവിറക്കാൻ അനുമതി തേടി ചീഫ് സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഫയൽ അയച്ചെങ്കിലും അത് തെരഞ്ഞെടുപ്പ് ഓഫീസര്‍ തിരിച്ചയച്ചു. ഇതോടെയാണ് മന്ത്രിമാര്‍ അതൃപ്തി വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിസഭാ തീരുമാനത്തിന്‍റെ ഉത്തരവിറക്കുന്നതില്‍ വീഴ്ച വരുത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഫയല്‍ അയച്ചതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി എന്നാണ് മന്ത്രിമാരുടെ വിലയിരുത്തല്‍. ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യം ബോധിപ്പിക്കാതെയാണ് ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഫയല്‍ അയച്ചത്. അതുകൊണ്ടാണ് ഫയല്‍ മടക്കിയതെന്ന വിലയിരുത്തലാണ് മന്ത്രിമാര്‍ക്കുള്ളത്.

അതേസമയം സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഒക്ടോബര്‍ അവസാനം വരെ ഉള്ളതിനാല്‍ കര്‍ഷകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം.