LiveTV

Live

Kerala

ഓച്ചിറ സംഭവം; പെണ്‍കുട്ടിയുടെ എല്ലാ രേഖകളും ഹാജരാക്കാൻ നിര്‍ദ്ദേശം

ആധാർ കാർഡ് അടക്കമുള്ള രേഖകൾ വീട്ടുകാര്‍ ഹാജരാക്കണം. 

 ഓച്ചിറ സംഭവം; പെണ്‍കുട്ടിയുടെ എല്ലാ രേഖകളും ഹാജരാക്കാൻ നിര്‍ദ്ദേശം

കൊല്ലം ഓച്ചിറയില്‍ നിന്നും രാജസ്ഥാനി സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായ കേസില്‍ രേഖകള്‍ ഹാജരാക്കണമെന്ന് അന്വേഷണ സംഘം. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ ഹാജരാക്കണമെന്ന് അന്വേഷണസംഘം വീട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കി. 18 വയസ് പൂര്‍ത്തിയായെന്ന് പെണ്‍കുട്ടിയും മുഹമ്മദ് റോഷനും പൊലീസിന് മൊഴി നല്‍കിയ സാഹചര്യത്തിലാണ് പൊലീസ് നിര്‍ദേശം.

ഇന്നലെ രാവിലെയാണ് പെണ്‍കുട്ടിയെയും മുഹമ്മദ് റോഷനെയും മുംബൈ പന്‍വേലിലെ ചേരിയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിവന്നതാണെന്നും മുഹമ്മദ് റോഷന്‍ പൊലീസിനോട് പറഞ്ഞിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് മുഹമ്മദ് റോഷനൊപ്പം പോയതെന്ന് പെണ്‍കുട്ടിയും പൊലീസിനോട് പറഞ്ഞു. മാത്രമല്ല തനിക്ക് പ്രായപൂര്‍ത്തിയായെന്നും ഇതിന്റെ രേഖകള്‍ പിതാവിന്റെ പക്കലുണ്ടെന്നും പെണ്‍കുട്ടി അന്വേഷണ സംഘത്തെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രായം തെളിയിക്കുന്ന രേഖകള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാക്കാന്‍ പെണ്‍കുട്ടിയുടെ പിതാവിനോട് പൊലീസ് നിര്‍ദേശിച്ചത്.

വീട്ടില്‍ അതിക്രമിച്ചു കയറിയ നാലംഗസംഘം പതിനഞ്ചുകാരിയായ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പിതാവ് ഓച്ചിറ പൊലീസില്‍ നല്‍കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. കേസില്‍ റോഷന്റെ സുഹൃത്തുക്കളായ മൂന്നുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയില്‍ നിന്നും നാളെ രാവിലെ പെണ്‍കുട്ടിയെയും മുഹമ്മദ് റോഷനെയും ഓച്ചിറയിലെത്തിക്കും.

Also read: ഓച്ചിറയില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

Also read: ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍; അന്വേഷണം രാജസ്ഥാനിലേക്ക് വ്യാപിപ്പിച്ചു