LiveTV

Live

Kerala

മത്സരിക്കുന്ന വ്യക്തികളെ നോക്കി വോട്ടു ചെയ്യുന്ന ശീലമുള്ള കോട്ടയംകാര്‍

വിദ്യാര്‍ത്ഥി നേതാവായ എത്തിയ സുരേഷ് കുറുപ്പിന്റെയും യുവനേതാവായി എത്തിയ രമേശ് ചെന്നിത്തലയുടെ വിജയവുമെല്ലാം ഇതിനുദാഹരണമാണ്.

 മത്സരിക്കുന്ന വ്യക്തികളെ നോക്കി വോട്ടു ചെയ്യുന്ന ശീലമുള്ള കോട്ടയംകാര്‍

കേരള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണെങ്കിലും മത്സരിക്കുന്ന വ്യക്തികളെ നോക്കി വോട്ടു ചെയ്യുന്ന ശീലം കോട്ടയത്തുകാര്‍ക്കുണ്ട്. വിദ്യാര്‍ത്ഥി നേതാവായ എത്തിയ സുരേഷ് കുറുപ്പിന്റെയും യുവനേതാവായി എത്തിയ രമേശ് ചെന്നിത്തലയുടെ വിജയവുമെല്ലാം ഇതിനുദാഹരണമാണ്. അതുകൊണ്ട് തന്നെ യുവ വോട്ടര്‍മാര്‍ക്ക് വലിയ സ്വാധീനം ഉണ്ട്.

കോട്ടയം ജില്ലയിലെ കോട്ടയം, പുതുപ്പള്ളി, പാല, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ പിറവം നിയോജക മണ്ഡലവും ചേരുന്നതാണ് കോട്ടയം ലോക്സഭ മണ്ഡലം. 7 മണ്ഡലങ്ങളില്‍ 5 ഇടത്തും യു.ഡി.എഫിന് വ്യക്തമായ ആധിപത്യമുള്ള മണ്ഡലം. 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 70000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോസ് കെ.മാണി വിജയക്കൊടി നാട്ടിയത്. തുടര്‍ന്ന 2104ലായപ്പോള്‍ 120000 ത്തിലേക്ക് ഭൂരപക്ഷം ഉയര്‍ന്നു. പിന്നാലെ വന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ആധിപത്യമാണ് നിയസഭ മണ്ഡലങ്ങളും കാഴ്ച വെച്ചത്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂരും പാലായില്‍ മാണിയും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും പിറവത്ത് അനൂപ് ജേക്കബും വന്‍ വിജയം തന്നെ നേടി.

എന്നാല്‍ ഏറ്റുമാനൂരും വൈക്കവും എല്ലാക്കാലത്തും ഇടതിനൊപ്പമാണ്. ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പും വൈക്കത്ത് സി.കെ ആശയും തരക്കേടില്ലാത്ത വിജയം തന്നെയാണ് നേടിയത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് 14 ഇടത്ത് വിജയിച്ചപ്പോള്‍ 8 ഇടത്ത് ഇടത് പക്ഷത്തിനും വിജയിക്കാനായി. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് 50 ഇടത്തും യു.ഡി.എഫ് 90 ഇടത്തും വിജയിച്ചു. ഗ്രാമപഞ്ചായത്തില്‍ 568 സീറ്റുകള്‍ നേടി യുഡിഎഫ് കരുത്ത് തെളിയിച്ചപ്പോള്‍ എല്‍.ഡി.എഫ് 385 സീറ്റുകളും സ്വന്തമാക്കി. നഗരസഭകളും യു.ഡി.എഫിനൊപ്പമാണ്. ഈ കണക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ് എത്രമാത്രം യു.ഡി.എഫിന് മണ്ഡലത്തില്‍ സ്വാധീനമുണ്ടെന്ന്.

യു.ഡി.എഫിന്റെ ശക്തി കേന്ദ്രമാണെന്ന് പറയുമ്പോഴും യു.ഡി.എഫിലെ പൊട്ടിത്തെറികള്‍ ഇപ്പോഴും തുടരുകയാണ്. ചരല്‍കുന്നില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ തീരുമാനിച്ച മാണി മടങ്ങി വന്നത് നേട്ടമായെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുമ്പോഴും കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ക്ക് ഇത് അത്ര പിടിച്ചിട്ടില്ല. കോട്ടയം ജില്ല പഞ്ചായത്തില്‍ മാണി കാലു വാരിയത് വലിയ മുറിവാണ് കോണ്‍ഗ്രസുകാരുടടെ മനസില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ഒപ്പം നിന്ന് ഇവര്‍ പ്രതികാരം വീട്ടുമോ എന്നും ചിന്തിക്കുന്നവരുണ്ട്. രാജ്യസഭ സീറ്റ് മാണിക്ക് നല്കിയതിന് പിന്നാലെ കോട്ടയം ലോക്സഭ സീറ്റും മാണിയുടെ അകൌണ്ടിലേക്ക് കൊടുക്കേണ്ടതില്ലായിരുന്നുവെന്ന് അടക്കം പറയുന്നവരുണ്ട്.

എല്‍.ഡി.എഫില്‍ പക്ഷെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കുറവാണ്. കഴിഞ്ഞ തവണ ജനതാദള്‍ എസ്സിന് സീറ്റ് നല്കിയെങ്കിലും മണ്ഡലത്തില്‍ സ്വാധീനമില്ലത്ത ജനതാദളില്‍ നിന്നും സീറ്റ് വാങ്ങി മത്സരിക്കാനാണ് സി. പി.എം തീരുമാനിച്ചിരിക്കുന്നത്. ഇതിന് ജനതാദള്ളും സമ്മതം മൂളിയിട്ടുണ്ട്. എന്‍.ഡി.എയിലും ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. ജില്ല ഘടകത്തില്‍ ആലോചിക്കാതെ സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയില്‍ സ്വയം സ്ഥാനാര്‍ത്ഥിയായി എത്തിയ പി.സി തോമസിനെ ബി.ജെ.പിക്കാര്‍ക്ക് അത്രവേഗം അംഗീകരിക്കാന്‍ പറ്റിയെന്ന് വരില്ല. പക്ഷെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പി പരസ്യമായ പ്രതികരണങ്ങളിലേക്ക് പോകില്ല.

പാതിവഴിയില്‍ എംപി മണ്ഡലത്തെ ഉപേക്ഷിച്ചു എന്ന ആരോപണം തന്നെയാണ് എല്‍.ഡി.എഫ് ഈ തെരഞ്ഞെടുപ്പില്‍ ഉര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഇതിന് എം.പി നടത്തിയ വികസനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും യുഡിഎഫ് പ്രതിരോധിക്കുക. ശബരിമല വിഷയത്തില്‍ ഊന്നിയ പ്രവര്‍ത്തനവും ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയിലുമാണ് എന്‍.ഡി.എയുടെ പ്രതീക്ഷ. രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ചിട്ടും എംപി എന്ത് ചെയ്തു എന്ന ചോദ്യമാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ഉന്നയിക്കുന്നത്. പാലായ്ക്ക് പുറത്തേക്ക് വികസനം എത്തിയില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. യു.പി.എ.കാലത്ത് കൊണ്ടുവന്ന പദ്ധതികള്‍ക്കപ്പുറം ഇത്തവണ എം.പിക്ക് ഒന്നും ചെയ്യാനായില്ലെന്നാണ് ആക്ഷേപം, എന്നാല്‍ ട്രിപ്പിള്‍ ഐടി സയന്‍സ് സിറ്റി തുടങ്ങിയവ കോട്ടയം മണ്ഡലത്തില്‍ കൊണ്ടുവന്നത് തന്നെയാണ് എം.പി നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്. കോട്ടയത്ത് ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റിയെന്നാണ് എം.പിയുടെ അവകാശവാദം. അതേസമയം കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ എം.പിയുടെ നേട്ടമായി കാണേണ്ടതില്ലെന്നാണ് എന്‍.ഡി.എ നേതൃത്വവും പറഞ്ഞ് വെക്കുന്നത്.