LiveTV

Live

Kerala

വേനല്‍ കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍

തിങ്കളാഴ്ച 84.21 ദശലക്ഷം യൂണിറ്റാണ് വൈദ്യുതി ഉപഭോഗം.

വേനല്‍ കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍

വേനല്‍ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും റെക്കോര്‍ഡിലെത്തി. തിങ്കളാഴ്ച 84.21 ദശലക്ഷം യൂണിറ്റാണ് വൈദ്യുതി ഉപഭോഗം. ഡാമുകളുടെ സംഭരണ ശേഷിയും പകുതിയായി കുറഞ്ഞു.

വേനലിനൊപ്പം തെരഞ്ഞെടുപ്പ് ചൂട് കൂടി വന്നതോടെയാണ് വൈദ്യുതി ഉപഭോഗം കുത്തനെ വര്‍ധിച്ചത്. തിങ്കളാഴ്ചത്തെ മാത്രം ഉപഭോഗം 84.21 മെഗാവാട്ടാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാലിന് 80.93 മെഗാവാട്ട് ഉപയോഗിച്ചതായിരുന്നു ഇതിന് മുന്‍പത്തെ ഏറ്റവും കൂടിയ ഉപഭോഗം. ഈ മാസം കെ.എസ്.ഇ.ബി പ്രതീക്ഷിച്ച പ്രതിദിന ഉപഭോഗം 77.9 ദശലക്ഷം യൂണിറ്റാണ്. വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗവും റെക്കോര്‍ഡായ 4194 മെഗാവാട്ടിലെത്തി. വൈദ്യുതി ഉപയോഗം വര്‍ധിച്ചതോടെ 150 മെഗാവാട്ടിന്‍റെ അധിക വൈദ്യുതി വാങ്ങാന്‍ കരാറില്‍ ഏര്‍പ്പെടാനും കെ.എസ്.ഇ.ബി ആലോചിക്കുന്നു. വൈകുന്നേരങ്ങള്‍ക്കായി വൈദ്യുതി വാങ്ങുകയാണെങ്കില്‍ യൂണിറ്റിന് ശരാശരി 7 രൂപക്ക് മുകളില്‍ നല്‍കേണ്ടിവരും.

വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്നതനുസരിച്ച് ഡാമുകളിലെ ജലനിരപ്പും താഴ്ന്നു. ഡാമുകളിലാകെയുള്ളത് 46.78 ശതമാനം വെള്ളമാണ്. വെള്ളപ്പൊക്കമുണ്ടായ കാലത്ത് നിറഞ്ഞ ഡാമുകളാണ് ഈ അവസ്ഥയിലെത്തിയത്. ഡാമുകളിലെ വെള്ളം ഉപയോഗിച്ച് 1936.82 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാപാദിപ്പിക്കാനേ കഴിയൂ. വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ വലിയ വൈദ്യുതി പ്രതിസന്ധിയിലേക്കാകും സംസ്ഥാനം എത്തിച്ചേരുക.