ക്യാന്‍സറിന് മരുന്നുമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്
ഞരമ്പിൽ നേരിട്ടു കുത്തിവയ്ക്കാവുന്ന മരുന്ന് മൃഗങ്ങളിൽ പരീക്ഷിച്ച് വിജയിച്ചു.

ക്യാൻസർ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ കഴിയുന്ന മരുന്ന് വികസിപ്പിച്ചെടുത്തതായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ശാസ്ത്രജ്ഞർ. ഞരമ്പിൽ നേരിട്ടു കുത്തിവെക്കാവുന്ന മരുന്ന് മൃഗങ്ങളിൽ പരീക്ഷിച്ച് വിജയിച്ചു. കൂടുതൽ പരീക്ഷണങ്ങൾക്കായി മരുന്നിന്റെ സാങ്കേതികവിദ്യ സ്വകാര്യ കമ്പനിക്ക് കൈമാറി.
സാധാരണയായി കാണുന്ന ഒരു സസ്യത്തിൽ നിന്ന് വേർതിരിച്ചെടുത്ത തന്മാത്രയും രക്തത്തിലെ ആൽബുമിനും ചേർത്താണ് കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന മരുന്ന് കണ്ടു പിടിച്ചത്. ഇതിനു മുമ്പും ഗവേഷകർ സസ്യങ്ങളിൽ നിന്ന് മരുന്ന് സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതൊന്നും ജലത്തിൽ ലയിക്കാത്തതിനാൽ ഞരമ്പിലൂടെ കടത്തിവിടാനാകില്ലായിരുന്നു. ശ്രീ ചിത്രയിലെ ഗവേഷകർ കണ്ടെത്തിയ മരുന്ന് ഞരമ്പിലൂടെ കടത്തിവിടാം.
2010 ൽ തുടങ്ങിയ ഗവേഷണമാണ് ഇപ്പോൾ വിജയിച്ചത്. എസ്.സി.ടി.എ.സി 2010 എന്നാണ് പേര് നൽകിയത്. ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലാണ് മരുന്ന് വികസിപ്പിച്ചത്. ഏത് സസ്യത്തിൽ നിന്നാണ് മരുന്ന് വേർതിരിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ മൃഗങ്ങളിൽ പരീക്ഷിച്ച് വിജയിച്ചാലേ ഏതൊക്കെ ക്യാൻസറിന് മരുന്ന് ഫലപ്രദമാകൂ എന്ന് കണ്ടെത്താനാകൂ.