ഓടുന്ന ബസിൽ നിന്ന് തെറിച്ച് വീണ് മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം ഇന്ന് ഖബറടക്കും
അമിത വേഗതയില്‍ പോകുകയായിരുന്ന ബസിന്റെ ഡോര്‍ തുറന്ന് റോഡിലേക്ക് തെറിച്ച് വീണ ഫഹദിന്റെ ശരീരത്തില്‍ ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങുകയായിരുന്നു.
കോഴിക്കോട് വെള്ളിപറമ്പിൽ ഓടുന്ന ബസിൽ നിന്ന് തെറിച്ച് വീണ് മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം ഇന്ന് ഖബറടക്കും. പെരുവയല്‍ സ്വദേശി ഫഹദാണ് ബസില്‍ നിന്നും വീണ് മരിച്ചത്. അമിത വേഗതയില്‍ പോകുകയായിരുന്ന ബസിന്റെ ഡോര്‍ തുറന്ന് റോഡിലേക്ക് തെറിച്ച് വീണ ഫഹദിന്റെ ശരീരത്തില്‍ ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങുകയായിരുന്നു.
പെരുവയല്‍ കല്ലേരി കൊണാറമ്പത്തെ ഹസ്സന് കോയയുടെ മകന് ഫഹദാണ് മരിച്ചത്. മാവൂര്‍ മേച്ചേരിക്കുന്ന് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വെള്ളിപറമ്പിലായിരുന്നു അപകടം. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. ഫഹദിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അപകട വിവരം അറിഞ്ഞ് ഫഹദിന്റെ പിതാവ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഉച്ചയോടെ പെരുവയല്‍ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കും. മാവൂരിലേക്ക് പോകുകയായിരുന്ന ഫവാസ്മോന് എന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്. അമിത വേഗതയില്‍ പോവുകയായിരുന്നു ബസിന്റെ ഡോര്‍ തുറന്നതാണ് അപകട കാരണം.