LiveTV

Live

Kerala

പെരുമ്പാവൂര്‍ ബഥേല്‍ സുല്ലോക്കോ പള്ളി തര്‍ക്കത്തിന് താത്കാലിക പരിഹാരം

ഓര്‍ത്തഡോക്സ് വിഭാഗത്തിനും യാക്കോബായ വിഭാഗത്തിനും പ്രത്യേക ആരാധനാ സമയം നിശ്ചയിച്ചു

പെരുമ്പാവൂര്‍ ബഥേല്‍ സുല്ലോക്കോ പള്ളി തര്‍ക്കത്തിന് താത്കാലിക പരിഹാരം

എറണാകുളം പെരുമ്പാവൂര്‍ ബഥേല്‍ സുല്ലോക്കോ പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കത്തിന് താത്കാലിക പരിഹാരം. ഇന്നലെ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനും യാക്കോബായ വിഭാഗത്തിനും പ്രത്യേക ആരാധനാ സമയം നിശ്ചയിച്ചു. പുതിയ കോടതിവിധി വരുന്നത് വരെ തല്‍സ്ഥിതി തുടരാനും യോഗത്തില്‍ തീരുമാനമായി.

പെരുമ്പാവൂര്‍ ബഥേല്‍ സുല്ലോക്കോ പള്ളിയില്‍ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന തര്‍ക്കത്തിനാണ് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ താത്കാലിക പരിഹാരമായത്. പള്ളി അങ്കണത്തില്‍ ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ നടത്തിവന്ന ഉപരോധ സമരം പിന്‍വലിച്ചു. യോഗത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനും യാക്കോബായ വിഭാഗത്തിനും പ്രത്യേക ആരാധാന സമയം നിശ്ചയിച്ചു. രാവിലെ 6 മുതല്‍ എട്ടേമുക്കാല്‍ വരെ ഓര്‍ത്തഡോക്സ് വിഭാഗത്തിനും ഒന്‍പത് മണി മുതല്‍ 12 മണി വരെ യാക്കോബായ വിഭാഗത്തിനും ആരാധന നടത്താം. പള്ളി തുറക്കുന്നതും അടക്കുന്നതും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരിക്കും. പള്ളിയുടെ താക്കോല്‍ വില്ലേജ് ഓഫീസറുടെ കൈവശം സൂക്ഷിക്കും. വിവാഹം, മരണം തുടങ്ങിയ പ്രത്യേക സന്ദര്‍ഭങ്ങളില്‍ നിശ്ചയിച്ച സമയങ്ങളില്‍ അല്ലാതെയും പ്രവേശനം അനുവദിക്കും. പളളിതര്‍ക്കവുമായി ബന്ധപ്പെട്ട് പുതിയ

കോടതിവിധി വരുന്നത് വരെ തല്‍സ്ഥിതി തുടരാനും യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ ശനിയാഴ്ച്ച കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. എന്നാല്‍ തങ്ങള്‍ പണികഴിപ്പിച്ച പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു യാക്കോബായ വിഭാഗം.