LiveTV

Live

Kerala

കേരളം ചുട്ടുപൊള്ളുന്നു: ഇന്ന് 33 പേര്‍ക്ക് സൂര്യാതപമേറ്റു

ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലുളളവരാണ് സൂര്യാതപമേറ്റവരില്‍ കൂടുതലും. സൂര്യാതപ മുന്നറിയിപ്പ് വ്യാഴാഴ്ച വരെ നീട്ടി. ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

കേരളം ചുട്ടുപൊള്ളുന്നു: ഇന്ന് 33 പേര്‍ക്ക് സൂര്യാതപമേറ്റു

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇന്ന് മാത്രം 33 പേര്‍ക്ക് സൂര്യാതപമേറ്റു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലുളളവരാണ് സൂര്യാതപമേറ്റവരില്‍ കൂടുതലും. സൂര്യാതപ മുന്നറിയിപ്പ് വ്യാഴാഴ്ച വരെ നീട്ടി. ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

കടുത്ത ചൂടിൽ ഉരുകുകയാണ് കേരളം. സൂര്യാതപമേറ്റ് നിരവധി പേർക്ക് പൊള്ളലേറ്റു. കോട്ടയത്ത് ഇന്ന് 5 പേർക്കും പാലക്കാട്, കൊല്ലം ജില്ലകളിൽ 2 പേർക്കും സൂര്യാതപമേറ്റു. വൈക്കം സ്വദേശി അരുൺ, ഏറ്റുമാനൂർ സ്വദേശികളായ സജി തങ്കച്ചൻ, കോട്ടയം സ്വദേശി ശേഖർ എന്നിവർക്കാണ് സൂര്യാതപമേറ്റത്. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് വൈക്കം സ്വദേശി ആരുണിന് പൊള്ളലേറ്റത്. കാഞ്ഞിരപ്പള്ളിയിൽ നാല് വയസ്സുകാരിക്കും സൂര്യാതപമേറ്റു. ബാക്കിയുള്ളവർക്ക് പൊള്ളലേറ്റത് ജോലിക്കിടയിലാണ്. ഔദ്യോഗിക കണക്കുപ്രകാരം കഴിഞ്ഞ രണ്ടാഴ്ചക്കിടെ കോട്ടയത്ത് 13 പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. 36 മുതൽ 38 ഡിഗ്രി വരെയാണ് ജില്ലയിലെ താപനില.

പാലക്കാട് ഇന്നും 41 ഡിഗ്രി ചൂട് രേഖപ്പെടുത്തി. പട്ടാമ്പി ഓങ്ങല്ലൂരില്‍ രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു. ഇടുക്കി രാജാക്കാട്ട് കർഷകനും കൊല്ലം പുനലൂരിൽ കെ.എസ്.ആര്‍.ടി.സി കണ്ടക്ടർക്കും ജോലിക്കിടയിൽ പൊളളലേറ്റു. കൊച്ചിയിലും കനത്തചൂട് തുടരുകയാണ്. ജില്ലയില്‍ പലയിടത്തും 36 ഡിഗ്രി സെല്‍ഷ്യസിലധികമാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയോടെ മൂവാറ്റുപുഴയില്‍ യുവതിക്ക് സൂര്യാതപമേറ്റു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില ശരാശരിയിൽ നിന്ന് നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത.

സംസ്ഥാനത്ത് ഈ മാസം 28 വരെ സൂര്യാതപ മുന്നറിയിപ്പ് നീട്ടി. ചൂട് കൂടുന്നതിനാൽ പൊതുജനം ജാഗ്രതാ നിർദ്ദേശം കർശനമായി പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിൻറെ നിർദേശം. വെയിലത്ത് തൊഴിലാളികളെ പണിയെടുപ്പിക്കുന്നുണ്ടോയെന്നുള്ള തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുകയാണ്. മുന്നറിയിപ്പ് ലംഘിച്ച് ഉച്ചസമയത്ത് തൊഴിലില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ആറ് തൊഴിലിടങ്ങളിലെ പ്രവര്‍ത്തനം തൊഴില്‍വകുപ്പ് നിര്‍ത്തിവെപ്പിച്ചിരുന്നു. വേനൽ മഴ ഉടൻ ലഭിക്കില്ലെന്നതിനാൽ വരും ദിവസങ്ങളിലും അത്യുഷ്ണം തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Also read: സൂര്യാതപം ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണം