LiveTV

Live

Kerala

ഓച്ചിറയില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെയും മുഹമ്മദ് റോഷനെയും പിടികൂടിയത്.

ഓച്ചിറയില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

കൊല്ലം ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നും കണ്ടെത്തി. മുംബൈ പന്‍വേലിലെ ചേരിയില്‍ നിന്നുമാണ് പെണ്‍കുട്ടിയെയും മുഹമ്മദ് റോഷനെയും പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് റോഷനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോഷനുമായി പ്രണയത്തിലാണെന്നും തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

ഇന്ന് രാവിലെയാണ് മുംബൈ പന്‍വേലിലെ ചേരിയില്‍ നിന്നും മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും അന്വേഷണസംഘം കണ്ടെത്തിയത്. മുംബൈയിലെ വിവിധ ലോഡ്ജുകളിലായി ഇരുവരും ഒളിവില്‍ താമസിച്ചുവരികയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാലാണ് പെണ്‍കുട്ടിയെയും മുഹമ്മദ് റോഷനെയും കണ്ടെത്താന്‍ വൈകിയതെന്ന് പൊലീസ് പറയുന്നു. നാട്ടിലേക്കു വിളിച്ച മറ്റു നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അന്വേഷണസംഘം മുംബൈയിലെത്തിയത്. അതേസമയം തട്ടിക്കൊണ്ടുപോയതല്ലെന്നും മുഹമ്മദ് റോഷനുമായി പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു,

നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഇരുവരെയും കേരളത്തിലേക്കെത്തിക്കുക. മുഹമ്മദ് റോഷനെതിരെ ബലാത്സംഗക്കുറ്റവും ചുമത്തിയേക്കും. മകളെ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. മാര്‍ച്ച് 18നാണ് രാജസ്ഥാനി സ്വദേശിനിയായ പെണ്‍കുട്ടിയെ ഓച്ചിറയില്‍ നിന്നും കാണാതാകുന്നത്.

ഓച്ചിറ സ്വദേശിയായ മുഹമ്മദ് റോഷനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പിതാവിന്റെ പരാതി. കേസില്‍ അനന്തു, വിപിന്‍, പ്യാരി എന്നിവരെ പോക്സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ മുഹമ്മദ് റോഷനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യക്ഷ സമരവുമായി രംഗത്തുവന്നിരുന്നു.

Also read: ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍; അന്വേഷണം മഹാരാഷ്ട്രയിലേക്ക്

Also read: ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍; അന്വേഷണം രാജസ്ഥാനിലേക്ക് വ്യാപിപ്പിച്ചു