LiveTV

Live

Kerala

കാര്‍ഷിക വായ്പക്ക് മൊറട്ടോറിയം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ നിന്ന് ഇളവ് നല്‍കേണ്ട സാഹചര്യമെന്താണെന്ന് കമ്മീഷന്‍ ചോദിച്ചു.

കാര്‍ഷിക വായ്പക്ക് മൊറട്ടോറിയം;  തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

കാർഷിക വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച സർക്കാർ തീരുമാനം നടപ്പാക്കുന്നത് വൈകിയേക്കും. മൊറട്ടോറിയം പ്രഖ്യാപിച്ച്‌ ഉത്തരവിറക്കാൻ അനുമതി തേടി ചീഫ് സെക്രട്ടറി നൽകിയ ഫയൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മടക്കി. അടിയന്തരമായ ഉത്തരവിറക്കേണ്ട സാഹചര്യം എന്താണെന്നും കൃത്യവും ശക്തവുമായ കാരണങ്ങൾ ബോധിപ്പിച്ചാൽ മാത്രമേ ഉത്തരവ് ഇറക്കാൻ അനുമതി നൽകൂവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.

കാർഷിക വായ്പകൾക്കും കർഷകരുടെ കാർഷികേതര വായ്പകൾക്കും ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാൻ മാർച്ച് 5ന് ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. എന്നാൽ മാർച്ച് 10ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയില്ല. മാതൃകാപെരുമാറ്റ ചട്ടം നിലവിൽ വന്നതുകൊണ്ട് പിന്നീട് ഉത്തരവിറക്കാനും സാധിച്ചില്ല. അതിന് പിന്നാലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് ചീഫ് സെക്രട്ടറിക്ക് വിമർശനം കേൾക്കേണ്ടി വന്നു. ഉത്തരവിറക്കാൻ വൈകിയത് എന്താണെന്നും തുടർ നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ഇതോടെയാണ് ഉത്തരവിറക്കാൻ അനുമതി തേടി ചീഫ് സെക്രട്ടറി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഫയൽ അയച്ചത്. എന്നാൽ മാതൃകാ പെരുമാറ്റ ചട്ടത്തിന് ഇളവ് നൽകാൻ തക്ക കാരണങ്ങൾ സർക്കാർ ബോധിപ്പിച്ചിട്ടില്ലെന്ന് കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഫയൽ മടക്കി. ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യം എന്താണെന്നും മന്ത്രിസഭ അവശ്യപ്പെട്ടിട്ടും സമയബന്ധിതമായി ഉത്തരവ് ഇറക്കാത്തത് എന്താണെന്നും ടീക്കാറാം മീണ ചീഫ് സെക്രട്ടറിയോട് ചോദിച്ചു. കൃത്യവും ശക്തമായ കാരണങ്ങൾ ആണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ഉത്തരവിറക്കാൻ അനുമതി നൽകൂ എന്ന നിലപാടിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇതോടെ മൊറട്ടോറിയത്തിന്റെ കാര്യം പ്രാബല്യത്തിൽ വരുന്നത് വൈകുമെന്ന് ഏകദേശം ഉറപ്പായി.