LiveTV

Live

Kerala

പെരുമ്പാവൂര്‍ പള്ളിത്തര്‍ക്കം; ജില്ലാ കലക്ടറുടെ സമാധാന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ല. 

പെരുമ്പാവൂര്‍ പള്ളിത്തര്‍ക്കം; ജില്ലാ കലക്ടറുടെ സമാധാന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

പെരുമ്പാവൂര്‍ ബഥേൽ സുലോക്കോ പള്ളിത്തർക്കം പരിഹരിക്കാന്‍ ജില്ലാ കലക്ടറുടെ വിളിച്ചു ചേര്‍ത്ത സമാധാന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ല . സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വന്‍ പൊലീസ് സന്നാഹം പള്ളിയില്‍ ക്യാമ്പ് ചെയ്യുകയാണ്.

ബഥേൽ സുലോക്കോ പള്ളിത്തർക്കം പരിഹരിക്കാൻ ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങളില്‍ നിന്നുമായി മൂന്നു പേര്‍ വീതമാണ് കളക്ടർ വിളിച്ച ചർച്ചയിൽ പങ്കെടുത്തത്. കോടതി വിധി അനുസരിച്ച് യാക്കോബായ വിഭാഗത്തെ പള്ളിയിൽ നിന്നും പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ച് നിന്ന ഓര്‍ത്തഡോക്സ് വിഭാഗം അല്ലാത്ത പക്ഷം പള്ളി അടച്ചിടണമെന്നും ആവശ്യപ്പെട്ടു. പള്ളി അടച്ചിടണമെന്ന ആവശ്യം അനുവദിക്കാനാവില്ലന്നും മുന്പുണ്ടായിരുന്ന പോലെ സമയക്രമം നിശ്ചയിച്ച് ഓര്‍ത്തഡോക്സ് വിഭാഗത്തിന് ആരാധന നടത്താൻ സമ്മതമാണെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്റെ നിലപാട്.

ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പള്ളി അടച്ചിടുമെന്ന് മുന്നറിയിപ്പ് നൽകിയാണ് ജില്ലാ കളക്ടറും പൊലീസും ചർച്ച അവസാനിപ്പിച്ചത്. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി പെരുമ്പാവൂരിലെത്തി പള്ളിയില്‍ സന്ദര്‍ശനം നടത്തി. ചര്‍ച്ചയില്‍ തീരൂമാനമാകാത്തതിനെ തുടര്‍ന്ന് പള്ളിയില്‍ ഇടവകക്കാർ നടത്തുന്ന സമരം ഏറ്റെടുക്കാൻ ഓ‍ർത്തഡോക്സ് സഭ തീരുമാനിച്ചിരുന്നു. ഇതിനേ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പള്ളി പരിസരത്ത് രാത്രി തന്നെ സമരപ്പന്തല്‍ക്കെട്ടി സത്യാഗ്രഹമാരംഭിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രണ്ടു ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും പള്ളിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.